ദേരാ സച്ചാ സൌദയുടേത് ദുരൂഹ വളര്‍ച്ച; ഗുര്‍മീത് കെട്ടിപ്പടുത്തത് വിപുല സാമ്രാജ്യം

0
82

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരവാദത്തില്‍ നിന്ന് പഞ്ചാബ് മുക്തമായി വന്ന 1990 കളില്‍ ആണ് ഗുര്‍മീത് റാം റഹീം എന്ന ദേരാ സച്ചാ സൌദാ നേതാവിന്റെയും ഉദയം. അന്ന് 23 വയസുള്ള ജാട്ട് സിഖ് യുവാവായിരുന്നു ഗുര്‍മീത്. രാജസ്ഥാനിലെ ഗംഗാനഗറിലെ ഭൂവുടമാ കുടുംബത്തിലായിരുന്നു ഗുര്‍മീതിന്റെ ജനനം. ദേരാ സച്ചാ സൌദയുടെ തലവനായിരുന്ന ഗുജ്രന്ത്സിംഗ് രാജസ്ഥാനി ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സുമായി അടുപ്പം പുലര്‍ത്തിയിരുന്നു. റഹീമിന്റെ മുന്‍ഗാമിയായ ഇദ്ദേഹം വെടിയേറ്റ്‌ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്നാണ്‌ ഗുര്‍മീത് റാം റഹീം ദേരാ സച്ചാ സൌദയുടെ തലവനായി സ്ഥാനം ഏറ്റെടുക്കുന്നത്.

ദേരാ സാമ്രാജ്യം വിപുലമാക്കിയത് ഗുര്‍മീത് ആയിരുന്നു. ഗുര്‍മീത് രാഷ്ട്രീയ നേതാക്കളുമായി ചങ്ങാത്തം പുലര്‍ത്തി പുതിയ ദേരാ സാമ്രാജ്യം കെട്ടിപ്പടുത്തു. ദശലക്ഷം ആളുകളാണ് ദേരാ സച്ചായുടെ സ്വാധീന വലയത്തില്‍ ഉള്ളത്. 700 ഏക്കറോളം സ്ഥലത്താണ് ദേരാ സച്ചാ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇത് ഗ്രാമവാസികളില്‍ നിന്നും തട്ടിയെടുത്തതാണെന്ന ആരോപണവും ഒപ്പമുണ്ട്.

കടുത്ത അച്ചടക്കമാണ് പ്രസ്ഥാനം പിന്തുടരുന്നത്. ഒപ്പം ആയുധ പരിശീലനവും നടത്തുന്നുണ്ട്. കടുത്ത ബ്രഹചര്യം പുലര്‍ത്തുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ആശ്രമത്തിന്നെതിരെ ആരോപണങ്ങള്‍ ശക്തമാണ്. 2002 ലാണ് ബലാത്സംഗകഥ പുറത്ത് അറിയുന്നത്. ബലാത്സംഗത്തിന്നിരയായ യുവതി പേര് വെളിപ്പെടുത്താതെ ഒരു കത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പെയിക്ക് എഴുതുകയായിരുന്നു. ഹൈക്കോടതി ജസ്റ്റിസിന് കത്ത് ലഭിച്ചതോടെ സിബിഐ അന്വേഷണത്തിനു ഉത്തരവ് വന്നു.

ഇതോടെ ആശ്രമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ലൈംഗികാതിക്രമണകഥകള്‍ ഉയരുകയായിരുന്നു. 30 നും നാല്‍പ്പതിനും ഇടയില്‍ പെണ്‍കുട്ടികള്‍ ആശ്രമത്തില്‍ മാനഭംഗത്തിനു ഇരയായിട്ടുണ്ട് എന്നാണു വിവരം. പലരും ജീവഹാനി ഭയന്ന് പുറത്ത് പറയുന്നില്ല. അന്ന് മുതല്‍ റാം റഹീമിന് എതിരായി ഒട്ടനവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആരോപണം ഉന്നയിച്ച സ്ത്രീയുടെ സഹോദരന്‍ കൊല്ലപ്പെട്ടതും റാം റഹീമിന് നേരെ വിരല്‍ ചൂണ്ടുന്നതാണ്.

2007 ല്‍ രണ്ടു പഞ്ചാബി പ്രാദേശിക പത്രങ്ങളില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. ഗുരു ഗോവിന്ദ് സിംഗുമായി റാം റഹീമിനെ താരതമ്യം ചെയ്യുന്ന പരസ്യമായിരുന്നു അത്. അതോടെ ദേരയും സിഖ് പാരമ്പര്യ വാദികളും തമ്മിലടി തുടങ്ങി. സംഘര്‍ഷം പലപ്പോഴും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് ഉയരാന്‍ തുടങ്ങി. സിബിഐ ബലാത്സംഗക്കേസ് കൂടാതെ രണ്ടു കൊലപാതക കേസ് കൂടി റാം റഹീമിനെതിരെ ചുമത്തിയിട്ടുണ്ട്. പക്ഷേ ആരോപണങ്ങള്‍ അവഗണിച്ചാണ് റാം റഹീം മുന്നോട്ട് പോയത്.

റാം രഹീമിന്റെ അനുയായികള്‍ ആശ്രമത്തിലെ വനിതകളെ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തുന്നു എന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. മുന്‍പ് അംബാല കോടതിയില്‍ ഹാജരാകാന്‍ റാം റഹീം വന്നത് 50 കാറുകളുടെ അകമ്പടിയോടെയായിരുന്നു. 1.50 ലക്ഷം ആളുകളും അകമ്പടി സേവിച്ചു. അന്നുംകൊളെജുകള്‍ക്കും സ്കൂളുകള്‍ക്കും അവധി നല്‍കേണ്ടി വന്നു.

ഇപ്പോള്‍ ദേരാ ആശ്രമം കൊലപാതകം, ബലാത്സംഗം, ലൈംഗിക ചൂഷണം, അനധികൃത കൈയേറ്റം, അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കല്‍ എന്നീ ആരോപണങ്ങളുടെ പ്രതിഫലനമായി മാറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here