
ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെതിരെ നാളെ സിബിഐ പ്രത്യേക കോടതി വിധി പറയാനിരിക്കെ ഹരിയാനയില്‍ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. വിധി പ്രസ്താവിക്കുന്ന നാളെ അക്രമസംഭവങ്ങളുണ്ടാകാതിരിക്കാൻ കനത്ത മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
റോത്തക്കിലെ ജയിലിലേക്ക് സിബിഐ പ്രത്യേക കോടതി ജഡ്ജിയെ വ്യോമമാർഗമാണ് എത്തിക്കുന്നത്. നിലവിലെ കലാപം പോലീസ് അടിച്ചമര്‍ത്തിയിട്ടുണ്ട്. പുതുതായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പഞ്ചാബിലും സ്ഥിതി ശാന്തമാണ്. ചിലയിടങ്ങളിൽ കർഫ്യൂവിൽ ഇളവ് ഏർപ്പെടുത്തിയിട്ടുമുണ്ട്.
അക്രമസംഭവങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ ഹരിയാന സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. . നാട് കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കയ്യും കെട്ടിയിരുന്നു എന്നാണു പഞ്ചാബ്–ഹരിയാന ഹൈക്കോടതി പറഞ്ഞത്.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രിയെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിക്കു വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ അനുയായികൾ അഴിച്ചുവിട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. ഇവരിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറു പേർ ഹരിയാനയിലെ സിർസയിലും ബാക്കിയുള്ളവർ പഞ്ച്കുളയിലുമുള്ളവരാണ് .