മഴ കുറവ്‌; കൃതിമമഴ സെപ്തംബറില്‍ പരീക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍

0
136

സംസ്ഥാനത്ത് തുലാവര്‍ഷവും, ഇടവപ്പാതിയും പ്രതീക്ഷിച്ചതു പോലെ എത്താത്തതിനാല്‍ കൃതിമ മഴ പെയ്യിക്കാനുള്ള പരീക്ഷണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നു. അടുത്ത മാസം അവസാനവാരത്തോടെ ‘ക്ലൗഡ് സീഡിങ്ങി’ലൂടെ മഴപെയ്യിക്കാനാണ് പദ്ധതിയിടുന്നത്.

പത്തനംതിട്ടയിലെ കക്കി ഡാമിന്റെ പരിസരത്തായിരിക്കും ആദ്യഘട്ട പരീക്ഷണം. ഇതിന്റെ ഭാഗമായി അനിയോജ്യമായ മഴമേഘങ്ങളെ ശാസ്ത്രജ്ഞര്‍ വി.എസ്.എസ്.സിയുടെ റഡാറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ്.

കക്കി ഡാമിന്റെ പരിസരത്ത് പെയ്യാതെനില്‍ക്കുന്ന മേഘങ്ങളിലേക്ക് സോഡിയം ക്ലോറൈഡോ, പൊട്ടാസ്യം ക്ലോറൈഡോ ഉപയോഗിച്ചുള്ള പുകപടലങ്ങള്‍ കടത്തിവിടാനാണ് പദ്ധതി. കൃത്രിമമഴക്കായി കെ.എസ്.ഇ.ബി ഈ സാമ്പത്തികവര്‍ഷം ഇന്നവേഷന്‍ ആന്‍ഡ് എക്‌സോട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25.14 കോടി വകയിരുത്തിട്ടുണ്ടെങ്കിലും പ്രാഥമികപരീക്ഷണത്തിന് അഞ്ച് കോടിയില്‍ താഴെ മാത്രമേ ചെലവ് വരൂ.

ഈ പരീക്ഷണം പരാജയപ്പെട്ടാല്‍ മാത്രമേ വിമാനം വഴിയുള്ള ക്ലൗഡ് സീഡിങ്ങിലേക്ക് കടക്കൂ. ഒരുപക്ഷേ കക്കി ഡാമില്‍ അനിയോജ്യമായ മഴ മേഘങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നാല്‍ തിരുവനന്തപുരം പേപ്പാറ ഡാമായിരിക്കും പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്ന മറ്റൊരുകേന്ദ്രം.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വി.എസ്.എസ്.സി മുന്‍ ഡയറക്ടറുമായ എം.സി. ദത്തെന്റ നേതൃത്വത്തില്‍ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കെ.എസ്.ഇ.ബിയും സംയുക്തമായാണ് അടുത്ത ഒരു വര്‍ഷത്തേക്കുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമിടുന്നത്.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ ക്ലൗഡ് സീഡിങ് നടത്തിയിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമായാണ് കേരളം ഇത്തരത്തിലൊരു പരീക്ഷണത്തിന് മുതിരുന്നത്. മൂന്നുവര്‍ഷമായി തുടരുന്ന കൊടുംവരള്‍ച്ചക്ക് പരിഹാരമായി രണ്ടാഴ്ചമുമ്പ് കര്‍ണാടക കൃത്രിമമഴ പരീക്ഷണം നടത്തിയിരുന്നു.

സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ 70 ശതമാനവും ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ ലഭിക്കുന്ന ഇടവപ്പാതിയെ ആശ്രയിച്ചാണ്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തെ അനുഗ്രഹിച്ചിട്ടില്ല. ഈവര്‍ഷം ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 25 വരെ 25.59 ശതമാനം മഴയുടെ കുറവാണുണ്ടായത്. കഴിഞ്ഞവര്‍ഷമുണ്ടായ മഴക്കുറവും വരള്‍ച്ചയിലും 45,399 ഹെക്ടര്‍ കൃഷി നശിച്ചിരുന്നു.

ഇതുവഴി 875 കോടിയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇടവപ്പാതി അവസാനിക്കുന്ന ഘട്ടത്തില്‍ കൃത്രിമമഴക്കുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുന്നത്.

മേഘങ്ങളുടെ ഉള്ളിലേക്ക് സില്‍വര്‍ അയഡൈഡ്, കറിയുപ്പ്, സോളിഡ് കാര്‍ബണ്‍ ഡയോക്‌സൈഡ് തുടങ്ങിയവയുടെ സൂക്ഷ്മകണങ്ങള്‍ (എയ്‌റോസോള്‍സ്) വിതറി അവയെ മഴത്തുള്ളിയാക്കി മാറ്റുന്നു. ഇത്തരത്തിലാണ് ക്ലൗഡ് സീഡിങ് നടത്തുക.

കൃത്രിമമഴ വിജയിക്കണമെങ്കില്‍ അന്തരീക്ഷത്തില്‍ ചാരനിറത്തിലുള്ള മേഘങ്ങള്‍ ഉണ്ടായിരിക്കണം. താഴെനിന്ന് സംവഹനക്കാറ്റും ഉണ്ടാകണം. 2500-4000 മീറ്റര്‍ ഉയരത്തിലുള്ള ആള്‍ട്ടോ ക്യുമുലസ്, നുബോ സ്രാറ്റസ്, സിറോക്യുമുലസ് മേഘങ്ങളിലാണ് ക്ലൗഡ് സീഡിങ് ഫലപ്രദമാകാന്‍ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here