മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിയെ ആശുപത്രിയില്‍ വെച്ച് സഹപാഠി കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലാണ് സംഭവം. റേഡിയോളജി വകുപ്പിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ശാശ്വത് പാണ്ഡെ(26) യാണ് കൊല്ലപ്പെട്ടത്. പ്രതി ഒളിവിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. രാവിലെ ഒമ്പതുമണിയോടെയാണ് ശാശ്വതിനെ റേഡിയേഷന് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിങ് റൂമില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ 20 ഓളം കുത്തേറ്റിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമല്ലെന്നും പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.
പുലര്‍ച്ചെ 12.30 ഓടെ പ്രതി ഐഡി കാര്‍ഡ് ധരിച്ച് റേഡിയേഷന് വിഭാഗത്തിലെ റിപ്പോര്‍ട്ടിങ് റൂമിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ നിന്നും ലഭിച്ചു. മുറി അടച്ചശേഷമാണ് ശാശ്വതിനെ ആക്രമിച്ചത്. കൃത്യത്തിനു ശേഷം ഇയാള്‍ പ്രധാന വാതില്‍ അടച്ചശേഷമാണ് പുറത്തുപോയിരിക്കുന്നത്. പ്രതി ഓടിച്ചിരുന്ന കാര്‍ അനന്ത് വിഹാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഉപേക്ഷിച്ചിരുന്നു. പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.