റാം റഹീമിനി സാധാരണ തടവുകാരന്‍, ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചു

0
49

ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദാ തലവനും ആള്‍ ദൈവവുമായ റാം റഹീം സിങിന് ഏര്‍പ്പെടുത്തിയിരുന്ന ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഹരിയാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഹരിയാന ചീഫ് സെക്രട്ടറി ഡി.എസ്.ദേശിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൂടാതെ റോഹ്തഗ് ജയിലില്‍ റാം റഹീമിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക പരിഗണനയും ചികിത്സയും എടുത്ത് കളഞ്ഞിട്ടുണ്ട്. ഇനിയൊരു സാധാരണ തടവുകാരനായി മാത്രമെ റാം റഹീമിനെ പരിഗണിക്കൂ. ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഓട്ടോമാറ്റിക്കായി ഇല്ലാതാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

അതേ സമയം ഒരു ശീതീകരിച്ച റൂമിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും പ്രത്യേക ഭക്ഷണമാണ് നല്‍കുന്നത് എന്നുമുള്ള വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും ഹരിയാന ജയില്‍ ഡിജിപി കെ.പി സിങ് പറഞ്ഞു.’നിരവധി ആരാധകരുള്ള ഒരാളായതിനാല്‍ ജയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുകമാത്രമാണ് ഉണ്ടായത്.

മറ്റു തടവുകാരില്‍ നിന്ന് റാം റഹീമിന് അക്രമണമുണ്ടാകാതിരിക്കാന്‍ സുരക്ഷ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തത്. സാധാരണ തടവുകാരെ പോലെ തറയില്‍ അദ്ദേഹം കിടക്കണമെന്നും’ കെ.പി.സിങ് പറഞ്ഞു. ഗുര്‍മീതിന്റെ അറസ്റ്റിനെ തുടര്‍ന്ന് വലിയ തരത്തിലുള്ള സംഘര്‍ഷമാണ് പഞ്ചാബിലും ഹരിയാനയിലും നടന്നത്. ആയിരക്കണക്കിനാളുകള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും, നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here