ഹരിയാന സര്‍ക്കാര്‍ പ്രക്ഷോഭകാരികള്‍ക്ക് മുന്നില്‍ കീഴടങ്ങിയോ? രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി

0
67

പീഡനക്കേസില്‍ ദേറാ സച്ചാ സൗദാ നേതാവായ ഗുര്‍മീത് റാം റഹീമ് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ വ്യാപക അക്രമത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചണ്ഡീഗഢ് ഹൈക്കോടതി. ഹരിയാന സര്‍ക്കാര്‍ പ്രക്ഷോഭകാരികള്‍ക്ക് മുന്നില്‍ കീഴടങ്ങിയോയെന്ന് കോടതി ചോദിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും കോടതി നിരീക്ഷിച്ചു. നാട് കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കയ്യും കെട്ടിയിരുന്നു എന്നാണു പഞ്ചാബ്, ഹരിയാന ഹൈക്കോടതി പറഞ്ഞത്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രിയെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിക്കു വിളിപ്പിച്ചതിനു പിന്നാലെയാണു ഹൈക്കോടതിയുടെ വിമര്‍ശനം.

പഞ്ച്കുളയിലെ പോലീസ് സുരക്ഷയുമായി ബന്ധപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഖട്ടാര്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

അതിനിടെ, ദേര സച്ചാ സൗദയുടെ ഹരിയാനയിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. റാം റഹിമിന്റെ അനുയായികളെ സംഘര്‍ഷമേഖലയില്‍നിന്ന് ഒഴിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഒരു ലക്ഷത്തോളം അനുയായികള്‍ തമ്പടിച്ചിരിക്കുന്ന സിര്‍സയിലെ ആസ്ഥാനത്തു സൈന്യവും ദ്രുതകര്‍മസേനയും അക്രമം നേരിടാനുള്ള പൂര്‍ണസന്നാഹങ്ങളുമായി രംഗത്തുണ്ട്.

അനുയായികളെ ഒഴിപ്പിച്ചശേഷം, കുരുക്ഷേത്രയിലെ ഒന്‍പത് ആശ്രമങ്ങള്‍ ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് അടച്ചുപൂട്ടി. ഇവിടെനിന്നു മാരാകായുധങ്ങള്‍ പിടിച്ചെടുത്തു. ഗുര്‍മീതിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമണത്തില്‍ മുപ്പതിലേറെ പേര്‍ മരിക്കുകയും തീവണ്ടിയും മറ്റ് വാഹനങ്ങളുമടക്കം അടിച്ച് തകര്‍ക്കുകയും, അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ആക്രമത്തില്‍ ആയിരത്തിലേറേ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് സൈന്യവും അര്‍ധസൈനിക വിഭാഗക്കാരും രംഗത്തിറങ്ങിയാണ് ആക്രമം നിയന്ത്രിച്ചത്. ഹരിയാനയിലെയും പഞ്ചാബിലെയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കര്‍ഫ്യൂവില്‍ ഇളവു കൊണ്ടുവന്നിട്ടുണ്ട്. എല്ലായിടത്തും പൊലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. ദ്രുതകര്‍മസേനയും അര്‍ധസൈനികരും റോന്തുചുറ്റുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here