ആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം കൈുപ്പറ്റിയ മുന്‍ ആര്‍മി ഓഫീസര്‍ അറസ്റ്റില്‍. പേയാട് സ്വദേശി എസ്. ജയകുമാര്‍ (52) ആണ് ആര്‍മി ഇന്റലിജന്റ് വകുപ്പ് അറസ്റ്റ് ചെയ്തത്. ആര്‍മിയില്‍ ജവാന് തസ്തികയില്‍ ജോലി വാഗ്ദാനം നല്കി ആലപ്പുഴ സ്വദേശികളായ മൂന്നു യുവാക്കളില്‍ നിന്നും പണം കൈപ്പറ്റുന്നതിനിടയിലാണ് തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍മി ഇന്റലിജന്റ്സ് ഒരുക്കിയ കൃത്യമായ കെണിയില്‍ ഇയാള്‍ കുടിങ്ങിയത്.
30 വര്‍ഷം സുബേദാര്‍ മേജര്‍ ആയി സേവനം ചെയ്ത് 2015 ല്‍ റിട്ടേയര് ചെയ്ത വ്യക്തയാണ് ജയകുമാര്‍. ആലപ്പുഴ സ്വദേശികളായ നാലു യുവാക്കളുടെ ആര്‍മിയില്‍ ചേരാനുള്ള ആഗ്രഹം മനസ്സിലാക്കിയ പ്രദേശവാസിയായ ഒരു ഓട്ടോക്കാരനായ ഇവരെ ജയകുമാറിന് പരിചയപ്പെടുത്തി കൊടുത്തത്. അഞ്ചു ലക്ഷം രൂപ നല്കിയാല് ആര്‍മിയില്‍ വലിയ സ്വാധീനമുള്ള ജയകുമാര്‍ ജോലി തരപ്പെടുത്തി തരുമെന്ന് ഓട്ടോക്കാരന് യുവാക്കള്‍ക്ക് വാഗ്ദാനം നല്കി.
യുവാക്കള്‍ ജയകുമാറിനെ നേരില്‍ കണ്ടപ്പോള്‍ 5 ലക്ഷം എന്നത് 3 ലക്ഷമായി ഉറപ്പിക്കുകയും ചെയ്തു. വിശ്വസിപ്പിക്കാനായി ഉത്തരപേപ്പറില്‍ ‘ഓം’ എന്ന് രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശവും ജയകുമാര്‍ നല്കി. ജൂലൈ നടന്ന എഴുത്തുപരീക്ഷയില്‍ ചില സംശയങ്ങള്‍ തോന്നിയ ആര്‍മി ഇന്റലിജന്‍സ് വിഭാഗം ഈ നാലുപേരേയും ചോദ്യം ചെയ്തതോടു കൂടിയാണ് ഈ അന്വേഷണം ജയകുമാറില്‍ എത്തിയത്.
എന്നാല്‍ പരീക്ഷ എഴുതിയ നാലുപേരില്‍ 3 പേര് നല്ല മാര്‍ക്കോടുകൂടി വിജയിച്ചിരുന്നു. എങ്കിലും ജയകുമാരിനെ കുടുക്കുന്നതിനായി ആര്‍മി ഉദ്യോഗസ്ഥര്‍ യുവാക്കളുടെ സഹായത്തോടെ 9 ലക്ഷം രൂപ വാഗ്ദാനം നല്കി ജയകുമാരിനെ റെയില്‍വേസ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പണം കൈമാറുന്നതിനിടെ തമ്പാനൂര്‍ പോലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ ജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തമ്പാനൂര്‍ പോലീസ് സര്‍ക്കില്‍ ഇന്സ്പെടരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരുന്നു.