ഓണം വാമനജയന്തിയാക്കണം; പ്രയാര്‍ ഗോപാലകൃഷ്ണനും സംഘപരിവാറിനും ഒരേ സ്വരം

0
78

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സംഘപരിവാറിനും ഓണം ഐതീഹ്യത്തെച്ചൊല്ലി ഒരേ സ്വരം. തിരുവോണം വാമനജയന്തി ആഘോഷമായി നടത്തുന്നതിനെ പിന്തുണച്ചാണ് പ്രയാര്‍ രംഗത്ത് വന്നത്. തിരുവോണനാള്‍ വാമനജയന്തിയായി ആഘോഷിക്കുന്നത് തെറ്റില്ലന്നു പ്രയാര്‍ പറഞ്ഞു.

ഓണത്തോട് അനുബന്ധിച്ച് ആര്‍ എസ് എസ് നടത്തുന്ന വാമനജയന്തി ആഘോഷങ്ങളെ പ്രത്യക്ഷത്തില്‍ പിന്തുണയ്കക്കുകയാണ് പ്രയാര്‍ ചെയ്യുന്നത്. ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്നാണ് സംഘ പരിവാര്‍ നിലപാട്.

വാമനപുരാണം അനുസരിച്ച് മഹാബലിയുടെ സദ്ഭരണത്തില്‍ സംപ്രീതനായ മഹാവിഷ്ണു വിശ്വരൂപം കൈക്കൊണ്ട് അദ്ദേഹത്തെ സുതലമെന്ന പാതാള രാജ്യത്ത് കുടുംബസമേതം താമസിക്കുവാന്‍ അനുഗ്രഹിക്കുകയായിരുന്നു. അതിനാല്‍തന്നെ തിരുവോണനാള്‍ വാമനജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ല. പ്രയാര്‍ പറയുന്നു.

മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത് സംസാരിക്കുന്നതിന്നിടെയാണ് സംഘപരിവാര്‍ നിലപാടിന് പിന്തുണയുമായി പ്രയാര്‍ രംഗത്ത് വന്നത്. നിലവില്‍ മഹാബലിയെ ചിത്രീകരിക്കുന്നത് വികൃതരൂപത്തിലാണ്.

അതീവ തേജസ്വിയായാണ് പുരാണങ്ങളില്‍ മഹാബലിയെക്കുറിച്ച് പറയുന്നത്. കുടവയറും കൊമ്പന്‍മീശയുമായി വികൃതമായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല. വാമനവതാരവും മഹാബലിയുടെ പ്രസക്തിയും എന്ന വിഷയത്തില്‍ തിരുവോണ ദിവസം ശബരിമല സന്നിധാനത്ത് സംവാദം നടക്കുന്നുണ്ട്. ആ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മഹാബലിയുടെ യഥാര്‍ത്ഥ ചിത്രത്തിന് രൂപം നല്‍കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മഹാബലിയുടെ യഥാര്‍ഥ ചിത്രം ദേവസ്വം ബോര്‍ഡ് തിരുവോണ ദിവസം തയ്യാറാക്കുമെന്നും പ്രയാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here