ഗുര്‍മീത് റാം റഹീമിനെ അകത്താക്കിയ പെണ്‍കുട്ടികള്‍ സിബിഐക്ക് നല്‍കിയ മൊഴി ഇങ്ങിനെ

0
89

ന്യൂഡല്‍ഹി: ദേരാ സച്ചാ സൌദാ തലവന്‍ ബലാത്സംഗക്കേസില്‍ ഹരിയാനയിലെ റോഹ്ജതക് ജയിലില്‍ അകപ്പെട്ടിരിക്കുന്നു.   കുറ്റക്കാരന്‍ എന്ന് വിധിച്ചെങ്കിലും ശിക്ഷാവിധി നാളേയ്ക്ക് മാറ്റിയിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ മൊഴിയാണ് ഗുര്‍മീത് റാം റഹീമിനെ കുടുക്കിയത്. സിബിഐക്ക് ലഭിച്ച
ആ രണ്ടു പെണ്‍കുട്ടികളുടെ മൊഴി ഇങ്ങിനെ:

ആദ്യ പെൺകുട്ടിയുടെ മൊഴി ‌
‘1999 സെപ്റ്റംബറിലായിരുന്നു സംഭവം. ഗുർമീത് താമസിക്കുന്നതു നിലവറപോലെയുള്ള ഗുഹയിലാണ്. ഇതിനു കാവൽനിൽക്കുന്നതു സന്യാസിനിമാരാണ്. രാത്രി എട്ടു മുതൽ 12 വരെയുള്ള ഷിഫ്റ്റിലായിരുന്നു എന്റെ ഡ്യൂട്ടി. പത്തു മണിയോടെ ഗുർമീത് എന്നെ അകത്തേക്കു വിളിച്ചു. നിലത്ത് ഇരിക്കാൻ തുടങ്ങിയപ്പോൾ കിടക്കയിലേക്ക് ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണു മാനഭംഗപ്പെടുത്തിയത്. കരഞ്ഞുകൊണ്ടു പുറത്തിറങ്ങി. മറ്റു സന്യാസിനിമാർ ചോദിച്ചുവെങ്കിലും ഒന്നും പറഞ്ഞില്ല.

അടുത്തദിവസം വീട്ടിൽനിന്ന് അച്ഛനും അമ്മയും വന്നപ്പോൾ അവരോടു വിവരം പറഞ്ഞു. അതോടെ ദേര ആസ്ഥാനം വിട്ടു. എന്നിട്ടും 2000 ൽ വിവാഹം നടത്തിയത് അവിടെത്തന്നെയാണ്. ഗുർമീതും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ഭർത്താവിനു ചില സംശയങ്ങൾ തോന്നി. അങ്ങനെ എല്ലാ വിവരവും പറഞ്ഞു. ദേര സച്ചാ അനുയായികളുടെ ഭീഷണി അസഹ്യമായപ്പോൾ യമുനാനഗറിലേക്കും പിന്നെ ചണ്ഡിഗഡിലേക്കും താമസം മാറ്റി. കോടതിയിൽ ക്രോസ് വിസ്താരം നടന്നപ്പോൾ പോലും താമസസ്ഥലം വെളിപ്പെടുത്തിയില്ല.

ദേര സച്ചാ സൗദയിലെ സന്യാസിനിമാർ പുതുതായി വരുന്ന അന്തേവാസിനികളോടു ചോദിക്കുമായിരുന്നു, പിതാജിയുടെ മാഫി (പിതാവിന്റെ മാപ്പ്) ലഭിച്ചുവോ എന്ന്. എന്താണ് ഇതിന്റെ അർഥമെന്നു മനസ്സിലായിരുന്നില്ല –  പെൺകുട്ടി മൊഴിയിൽ പറയുന്നു. റാം റഹിം സിങ് പീഡിപ്പിക്കുന്നതിനെയാണു മാപ്പ് എന്നു വിശേഷിപ്പിച്ചിരുന്നത്!

 

രണ്ടാം പെൺകുട്ടിയുടെ മൊഴി

‘1999 ഓഗസ്റ്റ് 28ന് ആയിരുന്നു സംഭവം. രാത്രി 8.30നു സുധേഷ് കുമാരി എന്ന സന്യാസിനി എന്നോടു പിതാജിയുടെ ഗുഹയിലേക്കു ചെല്ലാൻ ആവശ്യപ്പെട്ടു. അദ്ദേഹംതന്നെയാണു വാതിൽ തുറന്നത്. ധൻ ധൻ സത്ഗുരു, തേരാ ഹി അസാര എന്നു പറഞ്ഞു വണങ്ങി. കിടക്കയിൽ ഇരിക്കാൻ പറഞ്ഞു.

എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ എന്നു തിരക്കി. കോളജിൽ പഠിച്ചകാലത്ത് ഒരു ആൺകുട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചു പറഞ്ഞു. നീ കളങ്കിതയായി, ഇനി ഞാൻ പവിത്രമാക്കാം എന്നു പറഞ്ഞു മാനഭംഗപ്പെടുത്തി. ഞാൻ താങ്കളെ ദൈവമായാണു കാണുന്നതെന്നു പറഞ്ഞപ്പോൾ, ഭഗവാൻ ശ്രീകൃഷ്ണനും ഇതു പോലെ ആയിരുന്നു എന്നു പറഞ്ഞു. വീണ്ടും ഇതുപോലെ നടന്നു. 2001 ൽ ആശ്രമം വിട്ടു. സഹോദരനാണ് ആശ്രമത്തിൽനിന്നു കൊണ്ടുപോയത്’.

ഊമക്കത്തെഴുതി എന്ന് ഗുര്‍മീത്  സംശയിച്ച  ഈ  പെൺകുട്ടിയുടെ സഹോദരനെ  2002 ജൂലൈ 10 ന്  ദേര സച്ചാ സൗദ അനുയായികൾ കൊലപ്പെടുത്തി. 2005ൽ പെൺകുട്ടി വിവാഹിതയായി. ഭർത്താവിനോട് എല്ലാം പറഞ്ഞു. കേസ് മുന്നോട്ടുകൊണ്ടുപോകാൻ എല്ലാ സഹായവും ഭർത്താവു നൽകുന്നു. മൊഴിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here