ദോക് ലായില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ചൈനയുടെ ശ്രമം ആശങ്കയുണർത്തുന്നത്: ബിപിൻ റാവത്ത്

0
54

പുണെ: ദോക് ലായില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ചൈനയുടെ ശ്രമം ആശങ്കയുണർത്തുന്നതാണെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ദോക് ലാ സംഘർഷം പോലുള്ള സംഭവങ്ങൾ ഭാവിയിൽ വർധിക്കാനാണു സാധ്യതയെന്നും റാവത്ത് പറഞ്ഞു. പുണെ സർവകലാശാലയിലെ ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ചൈന റോഡു നിർമിക്കാൻ തുടങ്ങിയതിന്റെ പിന്നാലെ ജൂണ്‍ 16നാണ് സംഘർഷം തുടങ്ങിയത്. രണ്ടര മാസം പിന്നിട്ടിട്ടും തല്‍ സ്ഥിതി മാറ്റം വന്നിട്ടില്ല. നിയന്ത്രണരേഖ കടന്നെത്തുന്ന തരത്തിലുള്ള പ്രശ്നങ്ങൾ അതിർത്തിയിൽ സർവസാധാരണമാണ്. അത്തരത്തിലുള്ള സാഹചര്യങ്ങൾ നേരിടുന്നതിനായി ഇന്ത്യ എപ്പോഴും തയാറാണെന്നും റാവത്ത് പറഞ്ഞു.

ചൈനയുമായുള്ള ഫ്ലാഗ് മീറ്റിങ്ങുകളിലെല്ലാം ഇന്ത്യ പ്രശ്നം ഉന്നയിച്ചിടുണ്ട്. . എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനത്തിലും എത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ നയതന്ത്ര തലത്തിലും രാഷ്ട്രീയ തലത്തിലുമാണ് വിഷയം പരിഗണിക്കുന്നത്.

അതിർത്തിയിൽ എവിടെയും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതിനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ ആരും അലംഭാവത്തിൽ ഇരിക്കരുത്. ഏതു സാഹചര്യത്തിലും പ്രശ്നങ്ങൾ നേരിടാൻ തയാറാകണം. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും റാവത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here