ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ രണ്ട് ട്രക്കുകളും ബസും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ട് മലയാളി അടക്കം എട്ട് പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മുന്നരയോടെയാണ് സംഭവം.
ബ്രിട്ടനില്‍ മിനിബസ് സര്‍വീസ് നടത്തുന്ന എ.ബി.സി ട്രാവല്‍സിലെ കോട്ടയം സ്വദേശി ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫ്(52), വിപ്രോയിലെ എന്ജിനിയാറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജിവ്(28) എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച സിറിയക് വീട് പണിക്കായി അടുത്തയാഴ്ച നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് അപകടം. 2008 മുതല്‍ സിറിയക് ബ്രിട്ടനില്‍ മിനിബസ് സര്‍വ്വീസ് നടത്തിവരികയായിരുന്നു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ വാഹന അപകടമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ വിലയിരുത്തുന്നത്.
സിറിയക് ഓടിച്ച പതിനാറ് യാത്രക്കാരുണ്ടായിരുന്ന മിനിബസ് വെമ്പ്ളി കോച്ച് സ്റ്റേഷനില്‍ നിന്നും നോര്‍ത്ത് വെസ്റ്റ് ലണ്ടനിലേക്ക് പോവുമ്പോള്‍ മില്‍ട്ടണ്‍ കെയിന്‍സ് ജംഗ്ഷനില്‍(എം.വണ്‍) രണ്ട് ട്രക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നതായി ദൃക് സാക്ഷികള്‍ പറഞ്ഞു.
അപകടമുണ്ടാക്കിയതിന്റെ പേരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ അമിതമായി മദ്യപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. മരിച്ച മറ്റുള്ളവരും വിപ്രോയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ്. ബ്രീട്ടനിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് അപകടമുണ്ടായ നോട്ടിങ്ഹാമിലെ എം.വണ്‍ പാത. നോട്ടിങ്ഹാം സിറ്റി ആശുപത്രി കാര്‍ഡിയാക് നേഴ്സ് ഭാര്യ ആന്‍സിയാണ് മരിച്ച സിറിയക് ജോസഫിന്റെ ഭാര്യ. മക്കള്‍:ബെന്‍സണ്‍, ബെനീറ്റ.