മുംബൈ : മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ ബിജെപിയിലേക്ക്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, നാരായണ്‍ റാണെയെ ജൂഹുവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ റാണെയുടെ മകനും മഹാരാഷ്ട്ര നിയമസഭാംഗവുമായ നിതേഷ് റാണെ ട്വീറ്റ് ചെയ്തു. അതോടെ നീക്കത്തിന് സ്ഥിരീകരണമായി. നേരത്തെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗണേശ ചതുര്‍ത്ഥി ആശംസകള്‍ റിട്വീറ്റ് ചെയ്തിരുന്നു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് മുംബൈയില്‍ എത്താനിരിക്കെ നടന്ന കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. അതേസമയം നാരായണ്‍ റാണെ മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധനകള്‍ ബിജെപിയെ ചിന്താക്കുഴപ്പത്തിലാക്കുന്നു. തന്നെ സംസ്ഥാന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക, മക്കളായ നിലീഷിന് ലോക്സഭ തെരഞ്ഞെടുപ്പിലും, നിതേഷിന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും ടിക്കറ്റ് നല്‍കുക എന്നിവയാണ് പ്രധാന ഉപാധികള്‍.
ഇക്കാര്യത്തില്‍ അമിത് ഷായും നരേന്ദ്രമോദിയും അനുകൂലമായാല്‍ മാത്രമേ ബിജെപിയിലേക്ക് റാണെ നീങ്ങുകയുള്ളൂ . ബിജെപിയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത മേഖലയാണ് കൊങ്കണ്‍. നാരായണ്‍ റാണെയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിലൂടെ ബിജെപിയ്ക്ക് കൊങ്കണ്‍ മേഖലയില്‍ ശക്തിപ്രാപിക്കാനാകുമെന്നാണ് നാരായണ്‍ റാണെയെ അനുകൂലിക്കുന്നവരുടെ വാദം.