വള്ളം തകര്‍ന്ന സംഭവം: അപകടമുണ്ടാക്കിയ സിങ്കപ്പൂര്‍ കപ്പലിനെ തീരസേന കണ്ടെത്തി

0
85

കൊല്ലത്ത് ഉള്‍ക്കടലില്‍ വള്ളം തകരാനിടയാക്കിയ വിദേശ കപ്പലിനെ തീരസേന കണ്ടെത്തി. സിങ്കപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയുടെ അനിയാങ് എന്ന കപ്പലിനെയാണ് വിഴിഞ്ഞംതീരസംരക്ഷണസേന കണ്ടെത്തിയത്. തീരത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെ വൈകീട്ട് കണ്ടെത്തിയത്. തീരസേന നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, കപ്പല്‍ നിര്‍ത്താതെ യാത്ര തുടരുകയാണെന്ന് സേനാധികൃതര്‍ പറഞ്ഞു.

വിഴിഞ്ഞത്ത് നിന്നുള്ള സി-427 എന്ന കപ്പലും കൊച്ചിയില്‍ നിന്നുമെത്തിയ ഡോര്‍ണിയര്‍ വിമാനവുമാണ് കപ്പലിനെ കണ്ടെത്തിയത്. അപകട സമയവും മീന്‍പിടിത്തക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ കപ്പലാണ് വള്ളത്തിലിടിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ പറയുന്നു.

തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ കപ്പലിന്റെ ക്യാപ്റ്റനുമായി സംസാരിച്ചിരുന്നു. എന്നാല്‍ കപ്പല്‍ നിര്‍ത്താന്‍ ക്യാപ്റ്റന്‍ തയ്യാറായില്ല. യാത്രതുടരാന്‍ തങ്ങളുടെ ഏജന്‍സി തലവന്‍ നിര്‍ദ്ദേശിച്ചതായി ക്യാപ്റ്റന്‍ വിഴിഞ്ഞം തീരസംരക്ഷണ സേനയെ അറിയിച്ചു.

ആന്‍ഡമാന്‍, തൂത്തുക്കുടി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍നിന്നുള്ള തീരസേനയുടെ കപ്പലുകള്‍ അപകടമുണ്ടാക്കിയ കപ്പലിനെ പിന്‍തുടരുന്നുണ്ടെന്ന് വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍ വി.കെ.വര്‍ഗീസ് ‘മാതൃഭൂമി’യോട് പറഞ്ഞു.

നിര്‍ത്താതെ പോയ കപ്പലിനുനേരെ വെടിവെയ്ക്കാന്‍ തീരസംരക്ഷണസേന തീരുമാനിച്ചിരുന്നതായും അധികൃതര്‍ പറയുന്നു. എന്നാല്‍ പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

രാത്രി എട്ടുമണിവരെ ഡോര്‍ണിയര്‍ വിമാനം കപ്പലിനെ പിന്‍തുടര്‍ന്നുവെങ്കിലും ഇന്ധനം തീരുമെന്നതിനാല്‍ പിന്നീട് കൊച്ചിയിലേക്ക് മടങ്ങി. രാത്രിയില്‍ വീണ്ടും വിമാനമെത്തിച്ച് ഈ കപ്പലിനെ പിന്‍തുടരുമെന്ന് തീരസംരക്ഷണ സേനാധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here