സ്വാശ്രയ മെഡിക്കല്‍ പ്രവേശന അലോട്ട്മെന്റ് ഇന്ന്

0
63

 


സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റിനുശേഷം ഹൈക്കോടതി നിര്‍ദേശപ്രകാരം നടക്കുന്ന അലോട്ട്മെന്റാണ് ഞായറാഴ്ചത്തേത്. ഓപ്ഷന്‍ സമര്‍പ്പണം ശനിയാഴ്ച വൈകീട്ട് നാലിന് സമാപിച്ചിരുന്നു. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ രേഖകള്‍ സഹിതം 28, 29 തീയതികളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പഴയ ഓഡിറ്റോറിയത്തില്‍ എത്തി പ്രവേശനം നേടണമെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
പ്രവേശനം നടക്കുന്ന സമയം കോളേജ് മാനേജ്മെന്റ് പ്രതിനിധികളും ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം ഹാജരാകേണ്ടതില്ലെന്ന് ചില മാനേജ്മെന്റുകള്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ പ്രവേശന നടപടികളില്‍നിന്ന് വിട്ടുനിന്നേക്കുമെന്ന് കരുതുന്നു.
അങ്ങനെ വന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും പ്രവേശനപ്പരീക്ഷാ കമ്മിഷണറും ചേര്‍ന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഫീസ് സംബന്ധിച്ച മാനേജ്മെന്റുകളുടെ പരാതി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി നേരത്തെ എത്തി പ്രവേശനം ഉറപ്പാക്കണമെന്നാണ് വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശം.

അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് 30, 31 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. ഇതിന് രേഖകള്‍ക്കൊപ്പം ടി.സി. ഹാജരാക്കണമെന്ന നിര്‍ദേശം വിദ്യാര്‍ഥികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിനകം മറ്റുപല കോഴ്സുകള്‍ക്കും ചേര്‍ന്ന വിദ്യാര്‍ഥികള്‍ ടി.സി. വാങ്ങി സ്പോട്ട് അഡ്മിഷനായെത്തുമ്പോള്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ തിരികെ പഴയ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുമോ എന്നാണ് ആശങ്ക. മുന്‍വര്‍ഷങ്ങളില്‍ ടി.സി.ക്കുപകരം പ്രവേശനം നേടിയ കോളേജുകളില്‍നിന്ന് എതിര്‍പ്പില്ലാ രേഖ ഹാജരാക്കിയാല്‍ മതിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here