99 ശതമാനം പിന്‍വലിച്ച 1000 ത്തിന്റെ നോട്ടുകള്‍ തിരിച്ചെത്തി

0
86

പിന്‍വലിച്ച നോട്ടുകളില്‍ എത്ര ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് തുറന്നപറയാന്‍ സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെ ബാങ്കുകളില്‍ എത്തിയതായി റിസര്‍വ് ബാങ്കിന്റെ കണക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

2017 മാര്‍ച്ച് അവസാനത്തെ കണക്ക് പ്രകാരം 8925 കോടി രൂപയുടെ 1000 ത്തിന്റെ നോട്ടുകള്‍ വിപണിയില്‍ തന്നെ ശേഷിക്കുന്നുവെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. അതായത് റിസര്‍വ് ബാങ്കിന് പുറത്തുള്ളത് 8925 കോടിയുടെ 1000 ത്തിന്റെ നോട്ടുകളാണുള്ളത്. ഇത് പൊതുജനത്തിന്റെ പക്കലോ, ബാങ്കുകളിലോ, ട്രഷറികളിലോ ഒക്കെ ശേഷിക്കുന്നുവെന്ന് വ്യക്തം.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ 6.86 ലക്ഷം കോടിയുടെ 1000 ത്തിന്റെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഈ വര്‍ഷം ഫിബ്രവരിയില്‍ ധനകാര്യ സഹമന്ത്രി തന്നെ ലോക്സഭയില്‍ പറഞ്ഞ കണക്കാണിത്.

അതുവെച്ച് നോക്കുമ്പോള്‍ ആര്‍ബിഐയില്‍ തിരിച്ചെത്താത്ത 8925 കോടി രൂപ എന്നത് കേവലം 1.3 ശതമാനം മാത്രമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 98.7 ശതമാനം 1000 ത്തിന്റെ നോട്ടുകളും ആര്‍ബിഐയില്‍ തന്നെ തിരികെ എത്തിയിരിക്കുന്നു.

പുതിയ നോട്ടുകളും വിപണിയിലെത്തിയതിനാല്‍ 500 രൂപ നോട്ടിന്റെ കാര്യത്തില്‍ ഈ കണക്കുകൂട്ടല്‍ സാധ്യമല്ല.

1000 ത്തിന്റെ നോട്ടുകളില്‍ 99 ശതമാനവും തിരികെ എത്തിയത് ശരിയാണെങ്കില്‍ 500 രൂപ നോട്ടിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാവാന്‍ വഴിയില്ലെന്ന് ജെഎന്‍യുവിലെ ഇക്കണോമിക്സ് പ്രഫസര്‍ സുരാജിത് മസുംദാര്‍ പറഞ്ഞു. ഫലത്തില്‍ പിന്‍വലിച്ച നോട്ടുകളെല്ലാം തിരിച്ചെത്തി. നാമമാത്രമായ കള്ളപ്പണം മാത്രമാണുണ്ടായിരുന്നതെന്ന് വ്യക്തം-മസുംദാര്‍ പറയുന്നു.

നോട്ട് നിരോധനത്തിന് ശേഷം തിരികെ എത്ര നോട്ടുകള്‍ എത്തി എന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും ഇതുവരെയും കണക്കുകള്‍ പറയാന്‍ തയാറായിട്ടില്ല. തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്നാണ് ജൂണില്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here