ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെതിരെ അല്പ സമയത്തിനുള്ളില്‍ വിധി പ്രഖ്യാപനം വരും. അതേ സമയം ഗുര്‍മീത് കോടതിയില്‍ മാപ്പപേക്ഷ നടത്തി. മുന്‍പ് ചെയ്ത നല്ല കാര്യങ്ങള്‍ പരിഗണിക്കണം എന്നാണു ഗുര്‍മീത് റാം റഹീം കോടതിയില്‍ അപേക്ഷിച്ചത്. വിധി പ്രഖ്യാപനം കഴിയുന്നത് വരെ വാര്‍ത്ത പുറത്ത് വരരുത് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഗുര്‍മീതിന് ജീവപര്യന്തം നല്‍കണമെന്നു സിബിഐ കോടതിയില്‍ ആവശ്യമുന്നയിച്ചു. വിധി വായിച്ചു തുടങ്ങി. വാര്‍ത്ത അല്‍പ്പ സമയത്തിനുള്ളില്‍ ലഭ്യമാകും.
റോഹ്തക് ജില്ലയിലെ താത്കാലിക കോടതിയിലാണ് വിധി പ്രഖ്യാപനം നടത്തുന്നത്. രണ്ടു സന്യാസിനികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന്റെ ശിക്ഷയാണ് സിബിഐ പ്രത്യേക കോടതി വിധി പ്രഖ്യാപിക്കുന്നത്. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തഗ് ജില്ലാ ജയില്‍ കോടതിയായി ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.
കലാപങ്ങളെ തുടര്‍ന്ന് അതീവ സുരക്ഷയാണ് രൊഹ്തക് ജയിലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹരിയാനയിലും, പഞ്ചാബിലും, ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിരുന്നു. വിധി പ്രസ്താവിക്കുന്ന ഇന്നു അക്രമസംഭവങ്ങളുണ്ടാകാതിരിക്കാൻ കനത്ത മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. റോത്തക്കിലെ ജയിലിലേക്ക് സിബിഐ പ്രത്യേക കോടതി ജഡ്ജിയെ വ്യോമമാർഗമാണ് എത്തിച്ചത്. ഗുര്‍മീത് കുറ്റക്കാരന്‍ എന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചപ്പോള്‍ നടന്ന കലാപം പോലീസ് അടിച്ചമര്‍ത്തിയിട്ടുണ്ട്.
പുതുതായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പഞ്ചാബിലും സ്ഥിതി ശാന്തമാണ്. ചിലയിടങ്ങളിൽ കർഫ്യൂവിൽ ഇളവ് ഏർപ്പെടുത്തിയിട്ടുമുണ്ട്.അക്രമസംഭവങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ ഹരിയാന സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. നാട് കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കയ്യും കെട്ടിയിരുന്നു എന്നാണു പഞ്ചാബ്–ഹരിയാന ഹൈക്കോടതി പറഞ്ഞത്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രിയെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിക്കു വിളിപ്പിക്കുകയും ചെയ്തിരുന്നു.
ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ അനുയായികൾ അഴിച്ചുവിട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. ഇവരിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറു പേർ ഹരിയാനയിലെ സിർസയിലും ബാക്കിയുള്ളവർ പഞ്ച്കുളയിലുമുള്ളവരാണ് . കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നു റോഹ്തക പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദേരാ സച്ചാ അനുയായികള്‍ നടത്തിയ ആക്രമണങ്ങളില്‍ 38 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. 50 മില്ല്യന്‍ അനുയായികള്‍ തങ്ങള്‍ക്കു ഉണ്ടെന്നാണ് ദേരാ സച്ചാ സൌദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ അവകാശവാദം.