ജപ്തിനടപടികള്‍ നേരിട്ടതിനുശേഷം നിറകണ്ണുകളുമായി അവര്‍ എത്തി മുഖ്യമന്ത്രിയെ കാണുവാന്‍

0
62

പത്തുവര്‍ഷംമുമ്പ് ഒന്നരലക്ഷം രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ജപ്തി നടപടികള്‍ നേരിടേണ്ടി വന്ന പൂണിത്തുറ വില്ലേജിലെ വൃദ്ധദമ്പതികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മകന്‍ ദിനേശന്‍, മരുമകള്‍ മായ, പേരക്കുട്ടികള്‍ എന്നിവരോടൊപ്പമാണ് വൃദ്ധദമ്പതികളായ രാമന്‍ കോരങ്ങാത്തും ഭാര്യ വിലാസിനിയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

മുഖ്യമന്ത്രിയുടെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ ഉച്ചയ്ക്ക് 2.30നായിരുന്നു എറണാകുളം ഗസ്റ്റ് ഹൗസിലെ സന്ദര്‍ശനം. 15 മിനിറ്റോളം ദമ്പതികളോട് സംസാരിച്ച മുഖ്യമന്ത്രി അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു.

വീട്ടില്‍ തുടര്‍ന്നും താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഇറക്കി വിടില്ലെന്നും മുഖ്യമന്ത്രി വൃദ്ധദമ്പതികള്‍ക്ക് ഉറപ്പുനല്‍കി. 80-കാരനായ രാമന്‍ കോരങ്ങാട്ടിനെയും ഭാര്യ വിലാസിനിയെയും ജപ്തി നടപടികളെ തുടര്‍ന്ന് നേരത്തെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് ജപ്തി നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഇനിയും തങ്ങളെ വീട്ടില്‍ നിന്ന് ഇറക്കി വിടും എന്ന ആശങ്ക വൃദ്ധദമ്പതികള്‍ പ്രകടിപ്പിച്ചു. കിടപ്പാടം തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷ അവര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. ആശങ്കകള്‍ വേണ്ടെന്നും വീട്ടില്‍ത്തന്നെ താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ വി പി ചന്ദ്രന്‍ വൃദ്ധദമ്പതികളെ അനുഗമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here