ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്‍; ജാമ്യം ലഭിച്ചില്ലെങ്കില്‍ ദിലീപ് വിചാരണ തടവുകാരനായി മാറും

0
91

കൊച്ചി: നടി കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന്‍ വിധിപറയും. രാവിലെ 10.15ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ദിലീപ് അറസ്റ്റിലായി 50 ദിവസം തികയുന്ന വേളയിലാണ് നിര്‍ണ്ണായക ജാമ്യാപേക്ഷയില്‍ വിധി വരുന്നത്.

നേരത്തെ ഒരു തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു. ഇന്നു ജാമ്യം ലഭിച്ചില്ലെങ്കില്‍ ദീലീപ് തടവില്‍ കിടന്നുകൊണ്ട് വിചാരണ നേരിടേണ്ടിവരും. അഡ്വക്കേറ്റ് രാംകുമാര്‍ ആയിരുന്നു ആദ്യ തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് രാംകുമാര്‍ വക്കാലത്ത് ഒഴിഞ്ഞിരുന്നു. തുടര്‍ന്നാണ്‌ അഡ്വക്കേറ്റ് രാമന്‍പിള്ള കേസ് ഏറ്റെടുക്കുന്നത്

. രണ്ടാം തവണ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപ് ജയിലില്‍ കഴിയുന്നത്. ജയിലില്‍ ദിലീപ് വ്രതത്തിലാണേന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ജാമ്യം കിട്ടിയാല്‍ ശബരിമല ദര്‍ശനം നടത്താനാണ് ദിലീപിന്റെ തീരുമാനം. അതിനായി സസ്യാഹാരം ദിലീപ് ശീലമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാമ്യം കിട്ടിയാല്‍ അത് ആഘോഷഭരിതമാക്കുന്ന തിരക്കിലാണ് ദിലീപ് ഫാന്‍സ്‌. റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളാണ് അവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ദിലീപിന് ജാമ്യം ലഭിക്കില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍. അതിനു ആധാരമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ മുദ്ര വെച്ച കവറില്‍ നല്‍കിയിട്ടുണ്ട്. 219 തെളിവുകളുടെ പട്ടികയാണ് കൈമാറിയത്.

ദിലീപിനെ പെരും നുണയന്‍ എന്നാണു പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത്. മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും ഒരേ ടവറിന്റെ കീഴില്‍ വന്നത് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിര്‍ത്തിയിട്ടുണ്ട്. കാവ്യയുടെ മൊഴിയിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘവും നീക്കം തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്‍കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്ക് കൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here