ബെവ്കോയിലെ ഡപ്യൂട്ടേഷന്‍കാര്‍ക്ക് അടുത്തവര്‍ഷം മുതല്‍ ബോണസ് ലഭിക്കില്ല; തീരുമാനം മുഖ്യമന്ത്രിയുടേത്

0
50

തിരുവനന്തപുരം: ബെവ്കോയിലെ ഡപ്യൂട്ടേഷന്‍കാര്‍ക്ക് അടുത്തവര്‍ഷം മുതല്‍ ബോണസ് ലഭിക്കില്ല. ബെവ്കോ ജീവനക്കാര്‍ക്ക് ഇത്തവണ ലഭിക്കുന്ന 85,000 രൂപ ബോണസ് തേടി സര്‍ക്കാര്‍ ജീവനക്കാരുടെ ഒഴുക്ക് തുടരുകയും വാര്‍ത്തകള്‍ വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മുഖ്യമന്ത്രി തന്നെ ഇടപെട്ടാണ് ഈ തീരുമാനം കൈക്കൊണ്ടത്. 1500 ഓളം സര്‍ക്കാര്‍ ജീവനക്കാരാണ് ബെവ്കോയില്‍ ഡെപ്യൂട്ടെഷന്‍ തേടിയത്. സ്വന്തക്കാരെ തിരുകി കയറ്റാന്‍ നീക്കങ്ങളും ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തവണ 85,000 രൂപ ബോണസ് നല്‍കാനും അടുത്ത വര്ഷം മുതല്‍ ഡെപ്യൂട്ടെഷന്‍ വഴി വരുന്നവര്‍ക്ക് ബോണസ് നല്‍കില്ലെന്നും തീരുമാനം വന്നത്. ഇവര്‍ക്ക് മാതൃ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ബോണസാണ് ലഭിക്കുക.

19.25 ശതമാനം എക്‌സ്‌ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സും ചേര്‍ത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. അതായത് ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുക. അതേസമയം വന്‍തുക ബോണസായി നല്‍കുന്നതിനെതിരെ ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.

85,000 രൂപ വരെ ബോണസ് നല്‍കുന്നതു ധനപരമായ നിരുത്തരവാദിത്തമാണെന്നും ഇതു നിയന്ത്രിക്കണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇന്‍സെന്റിവ് ഒമ്പതില്‍നിന്ന് ഏഴേമുക്കാല്‍ ശതമാനമായി വെട്ടികുറക്കുകയും ചെയ്ത മാതൃകയില്‍ ബെവ്‌കോ ജീവനക്കാരുടെയും ഇന്‍സെന്റിവ് വെട്ടിക്കുറക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം.

സര്‍ക്കാറിന് കീഴിലെ സ്ഥാപനത്തില്‍ ഇത്ര ഉയര്‍ന്ന ബോണസ് നല്‍കുന്നതിലെ വിയോജിപ്പാണ് ധനകവകുപ്പ് ഇത്തരത്തില്‍ പ്രകടിപ്പിച്ചത്. അതേസമയം തങ്ങളുടെ ബോണസിനെതിരെ വിമര്‍ശനം വന്ന സാഹചര്യത്തില്‍ കെ.എസ്.എഫ്.ഇയിലെ വന്‍ ഇന്‍സെന്റിവാണ് ബെവ്‌കോ ജീവനക്കാര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here