കനത്ത മഴ; മുംബൈ വെള്ളത്തില്‍ മുങ്ങുന്നു; ജീവിതം സ്തംഭനത്തില്‍; മഹാരാഷ്ട്രയില്‍ നാളെ സ്കൂളുകൾക്കും കോളജുകൾക്കും അവധി

0
65

മുംബൈ: മുംബൈ മഴയില്‍ മുങ്ങുന്നു. കനത്ത മഴയിൽ ജനജീവിതവും ഗതാഗതവും സ്തംഭിച്ചതിനെത്തുടർന്ന്നാളെ മഹാരാഷ്ട്രയിൽ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ദാദർ, സയൺ, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളിൽ റോഡിൽ വെളളമാണ്.

ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. ചിലയിടങ്ങളിൽ ലോക്കൽ ട്രെയിൻ ഗതാഗതത്തെ മഴ ബാധിച്ചു. വെള്ളപ്പൊക്കം നവിമുംബൈയിലെയും താനെയിലെയും എത്തിയിട്ടുണ്ട്. .ഗുജറാത്തിലേക്കും ഗോവയിലേക്കും മഴ കടക്കുകയാണെന്നും ഈ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകിയതായും കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി സംസാരിച്ച് സ്ഥിഗതികൾ വിലയിരുത്തി.

സംസ്ഥാനത്തിനാവശ്യമായ സഹായങ്ങളെല്ലാം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 2005 ജൂലൈയിൽ ഉണ്ടായ പേമാരിക്കുശേഷം മുംബൈ നഗരത്തിലുണ്ടായ വലിയ വെള്ളപ്പൊക്കമാണിത്. സാഹചര്യങ്ങളെ നേരിടാനും രക്ഷാപ്രവർത്തനം നടത്താനുമായി ദേശീയ ദുരിത നിവാരണ സേന തയാറെടുത്തു.

രാവിലെ മുതൽ കനത്ത കാറ്റും മഴയുമുണ്ട്. മഴ ശമിക്കാത്തതിനാൽ ദുരിതബാധിത പ്രദേശങ്ങളുടെ എണ്ണം കൂടുകയാണ്. ആശുപത്രികളിലും വെള്ളം കയറി. കെഇഎം ആശുപത്രിയിൽ വെള്ളം കയറി പ്രവർത്തനം തടസ്സപ്പെട്ടു. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡുകളിൽ വെള്ളത്തില്‍ മുങ്ങി. മിലൻ സബ്‍വേ, അന്ധേരി സബ്‍വേ എന്നിവ അടച്ചതായി മുംബൈ പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here