തങ്ങള്‍ മുന്നോട്ടില്ലെന്ന് സര്‍ക്കാര്‍ സന്ദേശം കൈമാറി; മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തല്‍ വിവാദത്തിനു അന്ത്യമായി!

0
1079

സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നില്ല.

നിങ്ങളും പ്രശ്നങ്ങള്‍ക്ക് ഇല്ലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു

മോഹന്‍ ഭാഗവത് വിവാദം മുറുകവേ സര്‍ക്കാറില്‍ നിന്നും  സന്ദേശം പോയി 

തിരുവനന്തപുരം ദേശീയപതാക ഉയര്‍ത്തുന്നതില്‍ നിന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പരിപൂര്‍ണ്ണമായും മോഹന്‍ ഭാഗവത്തിനു കീഴടങ്ങി ഒഴിവാക്കിയ സംഭവത്തിലാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരിക്കുന്നത്.

പാലക്കാട്‌ കര്‍ണകിയമ്മന്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തിലാണ് മോഹന്‍ ഭാഗവതിനെ തടഞ്ഞത്. അര്‍ദ്ധരാത്രി ഉണര്‍ന്നെണീറ്റ ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിലാണ് കര്‍ണകിയമ്മന്‍ സ്കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയതും ഭാഗവതിനെ തടയാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതും. ഉന്നത ഭരണവൃത്തങ്ങളില്‍ നിന്ന് അടിയന്തിരമായി ലഭിച്ച സന്ദേശം അനുസരിച്ചാണ് ജില്ലാ ഭരണകൂടം കരുക്കള്‍ നീക്കിയത്.

പക്ഷെ കേരളത്തിലെ സംഘപരിവാര്‍-കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങളാണ് സര്‍ക്കാര്‍ നീക്കം പൊളിച്ചത്. ഭാഗവത് വിവാദം കുത്തിപ്പൊക്കിയ സര്‍ക്കാര്‍ ഭഗവത് വിവാദം കേന്ദ്ര ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഏറ്റെടുത്തതോടെ വിവാദത്തില്‍ നിന്ന് കീഴടങ്ങി. നിരുപാധികമായ കീഴടങ്ങലാണ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ നടത്തിയത്.

സര്‍ക്കാര്‍ കീഴടങ്ങിയ രീതി പുറത്തറിഞ്ഞില്ല. സര്‍ക്കാര്‍ കീഴടങ്ങിയത് ഇങ്ങനെ; പതാക ഉയര്‍ത്തല്‍ വിവാദം വന്നപ്പോള്‍ ഭാഗവതിനെതിരെ കേസ് എടുക്കാന്‍ തീരുമാനിച്ചു. പക്ഷെ കേസ് എടുക്കാന്‍ വകുപ്പില്ലാ എന്ന് പൊലീസ് അറിയിച്ചു. സംഘപരിവാര്‍ കേന്ദ്ര നേതാക്കളുടെയും കേന്ദ്ര ഭരണത്തിന്റെയും ഉപദേശം തേടി.ഫ്ലാഗ് കോഡ് അനുസരിച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചു. സര്‍ക്കാരിനെ വെട്ടിലാക്കുന്ന നീക്കം നടത്തി.

സംഘപരിവാര്‍ ബിജെപി നേതൃത്വം വാര്‍ത്താ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചു. തൃശൂരിലെ എയിഡഡ് സ്കൂളില്‍ ഒരു ബിഷപ്പാണ് പതാക ഉയര്‍ത്തിയത്. ആ വിവരം ശേഖരിച്ചു. ദൃശ്യങ്ങള്‍ ശേഖരിച്ചു. പട്ടാമ്പിക്കപ്പുറം വല്ലപ്പുഴയില്‍ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പതാക ഉയര്‍ത്തിയത് ഒരു സിപിഎം ലോക്കല്‍ സെക്രട്ടറിയാണ്. ആ വിവരങ്ങളും ശേഖരിച്ചു. സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡറിന്റെ ലംഘനമാണിത്.

ഇങ്ങിനെ സംസ്ഥാനത്തിനകത്ത് നിന്ന് കഴിയാവുന്ന വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ചു. മുന്നോട്ടുള്ള പോക്കിന് കേന്ദ്ര-ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ പിന്തുണ ഉറപ്പാക്കി. ജില്ലാ കലക്ടര്‍ മേരിക്കുട്ടിയെയും മറ്റു ഉദ്യോഗസ്ഥരെയും പ്രതിയാക്കി ഫ്ലാഗ് കോഡ് ലംഘനം ആരോപിച്ച് സിജെഎം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള ഡ്രാഫ്റ്റ് വരെ തയ്യാറാക്കി.

കലക്ടര്‍ മേരിക്കുട്ടി കുടുങ്ങുന്ന വകുപ്പ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് വരും. എല്ലാ നിയമവശങ്ങളും പഠിച്ചുള്ള ഡ്രാഫ്റ്റ് ആണ് തയ്യാറാക്കിയത്. പൊതു പ്രവര്‍ത്തകരെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും തടഞ്ഞു എന്നാണു പരാതിയുടെ കാതല്‍. നീക്കങ്ങള്‍ സര്‍ക്കാര്‍ മണത്തറിഞ്ഞു. കാര്യങ്ങള്‍ പന്തിയല്ലാ എന്ന് സര്‍ക്കാരിനു മനസിലായി.

വിവാദങ്ങള്‍ ഉയര്‍ത്തിയത് തെറ്റായി എന്ന് മനസിലായി. സിപിഎം നേതൃത്വമോ, മുഖ്യമന്ത്രിയോ ആയിരുന്നില്ല ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പാലക്കാടുള്ള ഉന്നത സിപിഎം നേതാവും, ഭരണം നിയന്ത്രിക്കുന്ന ഒരു സിപിഎം നേതാവുമാണ് ഈ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്. ആര്‍എസ്എസ് നേതൃത്വം ഇതിന്നിടയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ നേരിട്ട് ബന്ധപ്പെട്ടു. ഇത് വിടുന്ന പ്രശ്നമില്ല.

നിങ്ങള്‍ ശക്തമായ രീതിയില്‍ നീങ്ങിക്കോളൂ. സിംഗ് ഇത്തരമൊരു സന്ദേശം കേരളത്തിലെ നേതൃത്വത്തിനു കൈമാറി. ഗവര്‍ണര്‍ മുഖേന സംഭവത്തില്‍ വിശദീകരണം തേടുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇതോടെയാണ് മോഹന്‍ഭാഗവത് പതാക ഉയര്‍ത്തിയ പ്രശ്നത്തില്‍ നിന്നും സര്‍ക്കാര്‍ നിരുപാധികം പിന്‍വാങ്ങിയത്.

ഭരണതലത്തിലെ ഉന്നതന്‍ കേന്ദ്ര ആര്‍എസ്എസ് നേതാക്കളുമായി ബന്ധപ്പെട്ടു എന്നാണു ലഭ്യമായ വിവരം. അറിയിച്ചത് ഇത്രമാത്രം. മോഹന്‍ ഭാഗവത് പ്രശ്നത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നില്ല.നിങ്ങളും പ്രശ്നങ്ങള്‍ക്ക് ഇല്ലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് മാത്രം പറഞ്ഞു. ഇതോടെ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് അര്‍ദ്ധരാത്രി പൊട്ടി വിരിഞ്ഞ്‌, ദേശീയതലത്തില്‍ വിവാദമായി മാറിയ മോഹന്‍ഭാഗവത് പതാക ഉയര്‍ത്തല്‍ പ്രശ്നത്തിനു വിരാമമായി.

LEAVE A REPLY

Please enter your comment!
Please enter your name here