തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന്നിടെ ടി.സി. വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പുന:പ്രവേശനം നല്കാൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു. നീറ്റ് 2017 യോഗ്യത നേടിയതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിനുവേണ്ടി വിദ്യാര്‍ത്ഥികൾ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും ലിക്വിഡേറ്റഡ് ഡാമേജ് അടച്ച് വിടുതൽ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു.
സുപ്രീം കോടതി സ്വാശ്രയ മേഖലയിൽ മെഡിക്കൽ ട്യൂഷൻ ഫീസ് 11ലക്ഷമാക്കി ഉയര്‍ത്തിയതിനെ തുടർന്ന് മെഡിക്കൽ പഠനത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും, അതിനാൽ എഞ്ചിനീയറിംഗ് പഠനം തുടരാൻ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ . നിര്‍ദ്ദേശപ്രകാരം മെഡിക്കൽ പ്രവേശനത്തിന് വേണ്ടി ടി.സി വാങ്ങി, പഠനം തുടരാൻ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അതാത് സ്ഥാപനങ്ങളിൽ പുന:പ്രവേശനം നല്‍കുന്നതിനും ലിക്വിഡേറ്റഡ് ഡാമേജ് ഇനത്തിൽ ഈടാക്കിയ തുക തിരിച്ച്നല്കുന്നതിനും സര്‍ക്കാർ ഉത്തരവായി.