ഐ.ടി ലോകത്തെ തന്നെ പിടിച്ചു കുലുക്കിയതായിരുന്നു ഇന്‍ഫോസിസിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്നുള്ള വിശാല്‍ സിക്കയുടെ രാജി. സിക്കയുടെ രാജിക്കു പിറകെ അദ്ദേഹത്തിന്റെ ഭാര്യ വന്ദന സിക്കയും ഇന്‍ഫോസിസില്‍ നിന്ന് രാജി വെച്ചു.
താന്‍ ഇന്‍ഫോസിസില്‍ നിന്ന് രാജിവെക്കുന്ന തീരുമാനം അറിയിച്ചുകൊണ്ട് ഇമെയില്‍ അയച്ചതായി സോഷ്യല്‍ മീഡിയയിലൂടെ വന്ദന തന്നെയാണ് അറിയിച്ചത്. യു.എസ്.എയിലെ ഇന്‍ഫോസിസ് ഫൗണ്ടെഷന് ചെയര്‍പേഴ്സണായിരുന്നു വന്ദന സിക്ക.
ഇന്‍ഫോസിസ് ബോര്‍ഡിന്റെ പെരുമാറ്റവും ഇന്‍ഫോസിസ് സ്ഥാപകനും മുന്‍ സി.ഇ.ഒയുമായ നാരായണ മൂര്‍ത്തിക്ക് വിശാല്‍ സിക്കയോടുണ്ടായിരുന്ന നീരസവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇന്‍ഫോസിസില്‍ നിന്നു രാജി വെച്ച സിക്ക നിലവില്‍ ആഗോള ഐടി കമ്പനിയായ ഹാവ്ലെറ്റ് പാക്കാര്‍ഡ് എന്റര്‍ പ്രൈസസില്‍ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റിരിക്കുകയാണ്.