ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പകരം എം.എല്‍.സിയാകാന്‍ യോഗി

0
46

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കില്ല. പകരം ഉത്തര്‍പ്രദേശ് നിയമനിര്‍മാണ കൗണ്‍സിലിലേക്കാണ് (ലജിസ്ലേറ്റീവ് കൗണ്‍സില്‍) ആദിത്യനാഥ് മത്സരിക്കുക.

ആദിത്യനാഥിനു പുറമെ ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രി സ്വതന്ത്രദേവ് സിങ് എന്നിവരും ഇത്തരത്തില്‍ തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വരാന്‍ പോകുന്ന എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഇവരുടെ പേരുള്ള പട്ടിക ബിജെപി പുറത്തിറക്കി. നാല് എംഎല്‍സി സീറ്റുകളാണ് അടുത്തമാസം ഒഴിവുവരുന്നത്. ഇതിലേക്കായി സെപ്റ്റംബര്‍ 15 ന് തിരഞ്ഞെടുപ്പ് നടക്കും.

നിലവില്‍ ഇവര്‍ മൂന്നു പേരും ഉത്തര്‍പ്രദേശിലെ നിയമസഭാംഗങ്ങളല്ല. ആദിത്യനാഥ് ഗോരഖ്പൂര്‍ എംപിയും കേശവ് പ്രസാദ് മൗര്യ ഫൂല്‍പുര്‍ എംപിയുമാണ്. ഇവര്‍ക്ക് അയോഗ്യത ഒഴിവാക്കണമെന്നുണ്ടെങ്കില്‍ നിയമനിര്‍മാണ കൗണ്‍സില്‍, നിയമസഭ ഇവയിലേതെങ്കിലുമൊന്നില്‍ അംഗമാകേണ്ടതുണ്ട്. നിയമസഭാംഗമാകാന്‍ നേരിട്ട് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതായി വരും. എന്നാല്‍ എംഎല്‍സി ആകാന്‍ ഇവര്‍ക്ക് നിയമസഭയിലെ നിലവിലുള്ള ഭൂരിപക്ഷം ഉപയോഗിച്ച് അനായാസം സാധിക്കും.

മുന്‍ മുഖ്യമന്ത്രിമാരായിരുന്ന മായാവതി, അഖിലേഷ് യാദവ് എന്നിവര്‍ എംഎല്‍സി അംഗങ്ങളായിരുന്നു. നിലവില്‍ കാലാവധി കഴിയുന്ന മൂന്ന് സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങളുടേതാണ്. ഒരെണ്ണം ബിഎസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഠാക്കൂര്‍ ജെയ് വീര്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഒഴിവു വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here