ഓസീസിനെതിരെ ബ്ംഗ്ലാ കടുവകള്‍ക്ക് ജയം; ഷക്കീബുല്‍ ഹസ്സന് പത്ത് വിക്കറ്റ്

0
71

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ബംഗ്ലാദേശ്. ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടം രണ്ടാമതും സ്വന്തമാക്കിയ ഷക്കീബുല്‍ ഹസ്സന്റെ മികവില്‍ ഓസ്ട്രേലിയയെ 20 റണ്‍സിനാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. ഓസീസിനെതിരെ നേടുന്ന ആദ്യ ടെസ്റ്റ് വിജയമെന്ന റെക്കോഡും ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ ബ്ംഗ്ലാ കടുവകള്‍ സ്വന്തമാക്കി. 265 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഓസീസ് 244 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ബംഗ്ലാദേശ്: 260,221 ഓസ്ട്രേലിയ: 217,244 ഇതായിരുന്നു സ്‌കോര്‍

ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശ് കളിക്കുന്ന അഞ്ചാമത്തെ ടെസ്റ്റായിരുന്നു ഇത്. ഒപ്പം 101-ാം ടെസ്റ്റ് കളിച്ച ബംഗ്ലാദേശിന്റെ പത്താം വിജയവും. 2006ല്‍ ചിറ്റഗോങ്ങിലാണ് ഓസീസും ബംഗ്ലാദേശും നേരത്തെ ഏറ്റുമുട്ടിയത്. അന്ന് ഇന്നിങ്സിനും 80 റണ്‍സിനും ഓസ്ട്രേലിയ ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടിയിരുന്നു.

അവസാന ദിവസം രണ്ടു വിക്കറ്റിന് 109 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയക്ക് ആദ്യ സെഷനില്‍ 37 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. ഷക്കീബിന് തൈജുല്‍ ഇസ്ലാം കൂടി പിന്തുണ നല്‍കിയതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴു വിക്കറ്റിന് 199 റണ്‍സെന്ന നിലയിലായി ഓസ്ട്രേലിയ. പിന്നീട് കംഗാരുക്കള്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല.

ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഓസീസിന് വിജയിക്കാന്‍ 66 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ഒട്ടും സമയം പാഴാക്കാതെ മാക്സ്വെല്ലിനെയും ലിയോണിനെയും ഹെയ്സെല്‍വുഡിനെയും ബംഗ്ലാ ബൗളര്‍മാര്‍ തിരിച്ചയച്ചു. തൈജുല്‍ മൂന്നു വിക്കറ്റുമായി രണ്ടാമിന്നിങ്സില്‍ ഷക്കീബിന് പിന്തുണ നല്‍കി.

മൂന്നാം വിക്കറ്റില്‍ 130 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഓസീസിനെ വിജയത്തിലേക്ക് നയിച്ചതാണ്. എന്നാല്‍ അപകടം മണത്ത ഷക്കീബുല്‍ ഹസ്സന്‍ ഇരുവരെയും പുറത്താക്കി. വാര്‍ണര്‍ 112 റണ്‍സും സ്മിത്ത് 37 റണ്‍സും നേടി. 135 പന്തില്‍ 16 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു വാര്‍ണറുടെ 19-ാമത്തെ ടെസ്റ്റ് സെഞ്ചുറി.

LEAVE A REPLY

Please enter your comment!
Please enter your name here