കനത്ത മഴയ്ക്ക് ശമനമില്ല; മുംബൈയില്‍ അഞ്ചുപേര്‍ മരിച്ചു

0
50

തിരുവനന്തപുരം: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. വെള്ളപ്പൊക്കത്തില്‍ അഞ്ചുപേര്‍ മരിച്ചു. മുംബൈ നഗരപ്രദേശത്ത് വീട് ഇടിഞ്ഞു വീണ് രണ്ടു കുട്ടികളുള്‍പ്പെടെ മൂന്നുപേരും താനെയില്‍ ഒരു സ്ത്രീയും പെണ്‍കുട്ടിയുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 വരെയുള്ള 12 മണിക്കൂറിനിടെ 315.88 മില്ലീമീറ്റര്‍ മഴ പെയ്തതായി മുംബൈ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

2005 ജൂലൈ 26ന് രേഖപ്പെടുത്തിയ 944 മില്ലീമീറ്റര്‍ മഴയാണ് ഇതിനു മുന്‍പേയുള്ള സര്‍വകാലറെക്കോര്‍ഡ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയും നാവികസേനയും പൂര്‍ണമായും സജ്ജരാണ്.


അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അവശ്യ സര്‍വീസ് സേനാംഗങ്ങള്‍ മാത്രമേ പുറത്തിറങ്ങാവൂവെന്നും പൊതുജനങ്ങള്‍ വീടിനുള്ളില്‍ത്തന്നെ തങ്ങണമെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.നഗരത്തിന്റെ പ്രധാനപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

സിയോണ്‍,ദാദര്‍,മുംബൈ സെന്‍ട്രല്‍,കുര്‍ള,അന്ധേരി,സാകിനാക തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ഏറെ നാശം വിതച്ചത്. മുബൈയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സ്‌കൂളുകളും കോളേജും അടച്ചിട്ടു. രാജ്യാന്തരസര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വിമാനങ്ങള്‍ സമയം വൈകി. ഗുജറാത്ത്,കൊങ്കണ്‍,ഗോവ,മധ്യപ്രദേശ്, മധ്യമഹാരാഷ്ട്ര എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here