കവര്‍പ്പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശം കണ്ടെത്തി

0
67


കവര്‍പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശം കണ്ടെത്തി. തമിഴ്നാട്ടിലെ ഡിണ്ടിക്കലില്‍നിന്ന് കേരളത്തിലെ വിവിധഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലിലാണ് ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശമുള്ളതായി കണ്ടെത്തിയത്. ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ സ്ഥിരം പാല്‍പരിശോധനാകേന്ദ്രത്തില്‍ വെച്ചാണ് ഇത് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമെത്തിയ പാല്‍വണ്ടിയിലെ കവറുകളിലാണിത് കണ്ടെത്തിയത്.

ഡിണ്ടിക്കല്‍ എ.ആര്‍. ഡയറിഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് വണ്ടിയെത്തിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മലബാര്‍ മില്‍ക്ക് എന്ന പേരായിരുന്നു കവറുകളില്‍. ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിക്കുന്നത് മുറിവുകള്‍ ക്‌ളീന്‍ചെയ്യാനും മൗത്ത് വാഷിന്റെ ഘടകമായുമാണ്. പാലില്‍ ചേര്‍ക്കാന്‍ അനുവാദമില്ലാത്ത രാസപദാര്‍ഥമാണിത്.

പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശമുള്ളതായി കണ്ടെത്തിയത് ടോണ്‍ഡ് മില്‍ക്ക്, ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് എന്നിവയുടെ പായ്ക്കറ്റുകളിലാണ്. ടോണ്‍ഡ് മില്‍ക്കിന്റെ ഒരുലിറ്റര്‍വീതമുള്ള 2,700 പായ്ക്കറ്റുകള്‍ ഡബിള്‍ ടോണ്‍ഡ് പാല്‍ അരലിറ്റരിന്റെ 2,640 പായ്ക്കറ്റുകള്‍, ഒരു ലിറ്ററിന്റെ 280 പായ്ക്കറ്റുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ലോറിയില്‍ കൗമില്‍ക്ക്, ഫുള്‍ക്രീം മില്‍ക്ക് എന്നിവയുടെ പായ്ക്കറ്റുകള്‍ ഉണ്ടായിരുന്നെങ്കിലും അവയില്‍ ഇത് കണ്ടെത്തിയിരുന്നില്ല. പാലും വണ്ടിയും ഭക്ഷ്യസുരക്ഷാവകുപ്പിനെ ഏല്പിച്ചു. വണ്ടി കേരളത്തിനകത്തേക്ക് കടത്തിവിടാതെ തിരിച്ചയയ്ക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ജോര്‍ജ് വര്‍ഗീസ് കെ.എം. പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here