ഗുര്‍മീതിനെ കുടുക്കിയത് മന്‍മോഹന്റെ ഇടപെടല്‍

0
49

 

ബെംഗളുരു: ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് അഴിക്കുള്ളിലാകാന്‍ പ്രധാന പങ്ക് വഹിച്ചത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അദ്ദേഹം ഫലപ്രദമായി ഇടപെട്ടതു മൂലമാണ് കേസ് അട്ടിമറിക്കപ്പെടാതിരുന്നതെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ സംഘത്തലവന്‍ എം.നാരായണന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മന്‍മോഹന്‍സിംഗ് ഉറച്ച നിലപാടാണ് ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. കനത്ത സമ്മര്‍ദ്ദമാണ് അദ്ദേഹത്തിന് മേലുണ്ടായിരുന്നത്. സി.ബി.ഐയും സമാനമായ അനുഭവം നേരിട്ടു. എന്നാല്‍ ഇതിലൊന്നും പതറാതെ മന്‍മോഹന്‍ സിംഗ് നിലകൊണ്ടതാണ് കേസന്വേഷണം തൃപ്തികരമായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സി.ബി.ഐയെ സഹായിച്ചത്.
ദേശീയ മാധ്യമമായ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് നാരായണന്‍ നിലപാട് വ്യക്തമാക്കിയത്. പഞ്ചാബിലേയും ഹരിയാനയിലേയും എം.പി മാരാണ് അന്വേഷണം അട്ടിമറിക്കാന്‍ കാര്യമായ പ്രധാനമന്ത്രിക്ക് മേല്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്തിയത്. എന്നാല്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നായിരുന്നു മന്‍മോഹന്‍ സിംഗ് സി.ബി.ഐക്ക് നല്‍കിയ നിര്‍ദ്ദേശം.
2002ല്‍ ലഭിച്ച പരാതിയില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം എങ്ങുമെത്താതെ നീങ്ങുകയായിരുന്നു. ഇതില്‍ അതൃപ്തി രേഖപ്പെുത്തിയ കോടതിയാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്. എന്നാല്‍ കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ സംഘത്തിന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനായില്ല.
ഇതേ തുര്‍ന്ന് ചണ്ഡീഗഡ് ഹൈക്കോടതി ഇടപെട്ട് സി.ബി.ഐ മേധാവിയായ വിജയ് ശങ്കറിനെ വിളിച്ചു വരുത്തി വിശദീകരണം ആരായുകയായിരുന്നു. ഇതോടെ വിജയ് ശങ്കര്‍ നാരായണനേയും സംഘത്തേയും അന്വേഷണ ചമുതല ഏല്‍പ്പിക്കുകയും അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെുക്കുകയും ചെയ്യുകയായിരുന്നു.
57 ദിവസത്തെ സമയമാണ് കോടതി അനുവദിച്ചത്.
അജ്ഞാതനായ ഒരാള്‍ അയച്ച കത്ത് മാത്രം മുന്‍ നിര്‍ത്തിയായിരുന്നു അന്വേഷണം. ആശ്രമം വിട്ടുപോയ ഇരുന്നൂറോളം സന്യാസിനിമാര്‍ മാത്രമായിരുന്നു ലൈംഗിക പീഢനത്തെക്കുറിച്ച് വെളിപ്പെടുത്താനുണ്ടായിരുന്നത്. എന്നാല്‍ ആശ്രമ ജീവിതം വിട്ടുപോയി വിവാഹജീവിതം നയിക്കുന്നവരായിരുന്നു. ഇവരില്‍ പത്തു പേരെ കണ്ടെത്തിയെങ്കിലും ഇവരിലാരും പരാതിയുമായി മുന്നോട്ടു വരാന്‍ താല്‍പ്പര്യപ്പെട്ടില്ല.
ഒടുവില്‍ ഇവരില്‍ രണ്ടു സ്ത്രീകള്‍ പരാതിയുമായി മുന്നോട്ട് വരാന്‍ തയ്യാറായി. കേസന്വേഷണത്തില്‍ വിശദമായ വിവരങ്ങള്‍ സി.ബി.ഐ മേധാവി വിജയ്ശങ്കര്‍ മന്‍മോഹന്‍ സിംഗിന് കൈമാറി. കേസന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ മന്‍മോഹന്‍ സിംഗ് എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറായതാണ് ഗുര്‍മീത് അഴിക്കുളളിലാകുന്നതുവരെയുള്ള അന്വേഷണം സാധ്യമായതെന്നും നാരായണന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here