നഗരത്തില്‍ സ്മാര്‍ട്ട് ഓട്ടൊറിക്ഷകള്‍ സര്‍വീസ് തുടങ്ങി

0
119


നഗരത്തില്‍ ഇന്നലെ മുതല്‍ സ്മാര്‍ട്ട് ഓട്ടൊറിക്ഷകള്‍ സര്‍വീസ് തുടങ്ങി. ഓട്ടൊ റിക്ഷ ഡ്രൈവേഴ്സ് യൂണിയനും (എഐടിയുസി) വിഎസ്ടി ട്രാവല്‍ സൊല്യൂഷനും സംയുക്തമായാണ് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രത്യേക ടാബ് ലറ്റുകള്‍ ഓട്ടൊയില്‍ ഘടിപ്പിച്ചുള്ള സ്മാര്‍ട്ട് ഓട്ടോ പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമിട്ടത്.

വെഹിക്കിള്‍ എസ്റ്റി മൊബൈല്‍ ആപ് വഴിയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ എറണാകുളം ടൗണ്‍ ഹാളില്‍ സി. ദിവാകരന്‍ നിര്‍വഹിച്ചു. ഓട്ടൊ ഡ്രൈവേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപി അധ്യക്ഷത വഹിച്ചു. ഓട്ടോകളില്‍ സ്ഥാപിക്കുന്ന ടാബിന്റെ വിതരണം ഡ്രൈവേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി ബിനു വര്‍ഗീസിന് നല്‍കി സി ദിവാകരന്‍ നിര്‍വഹിച്ചു.

യൂണിഫോം വിതരണം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ കെ ജി സാമുവല്‍ നിര്‍വഹിച്ചു .പ്രൊജക്റ്റ് അവതരണം ഇ പി റജികുമാര്‍ നിര്‍വഹിച്ചു. ഐ എന്‍ റ്റി യു സി ജില്ലാ സെക്രട്ടറി കെ കെ ഇബ്രാഹിംകുട്ടി ,സി ഐ ടി യു നേതാവ് സോജന്‍ ആന്റണി ,ബി എംഎസ് ജില്ലാ സെക്രട്ടറി കെ എസ് അനില്‍കുമാര്‍ എ ഐ ടി യു സി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രെസിഡന്റ് ജോണ്‍ ലൂക്കോസ് ,എം എസ് രാജു ,ടി ബി മിനി തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യഘട്ടത്തില്‍ 200 ഓട്ടൊകളാണ് ഓണ്‍ലൈന്‍ സര്‍വീസിന് ലഭ്യമാക്കുക.

യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം ഓണ്‍ലൈനിലൂടെ ആവശ്യമായ വാഹനം ബുക്ക് ചെയ്യാമെന്നതിനൊപ്പം സഞ്ചരിക്കുന്ന റൂട്ട്, വാഹനം, ഡ്രൈവറുടെ വിശദമായ വിവരങ്ങള്‍ എന്നിവ സ്മാര്‍ട്ട് ഡിവൈസില്‍ ലഭിക്കും. ക്യാഷ്ലെസ് ട്രാവല്‍ സംവിധാനവും യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് ഭാഗമായി വെഹിക്കിള്‍ എസ്റ്റി സ്മാര്‍ട്ട് ഡിവൈസിലൂടെ സദാസമയവും ജിപിഎസ് വഴി നിരീക്ഷിക്കും.

ഈ നിരീക്ഷണ സംവിധാനം പിങ്ക് പെട്രോള്‍, പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുവാനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്. യാത്രയില്‍ ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ സ്മാര്‍ട്ട് ഡിവൈസിലൂടെ ആവശ്യ സര്‍വീസ് തേടാം. ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ ടാബില്‍ സ്മാര്‍ട്ട് ബട്ടണ്‍ അമര്‍ത്തുന്നതോടെ ഹൈടെക്ക് യാത്ര ആരംഭിക്കാം. പോകേണ്ട സ്ഥലം ബട്ടണ്‍ അമര്‍ത്തി തെരഞ്ഞെടുത്താല്‍ കടന്നുപോകുന്ന ഓരോ സ്ഥലവും സഞ്ചരിക്കേണ്ട ദൂരം, സഞ്ചരിക്കുന്ന വേഗത തുടങ്ങിയ കാര്യങ്ങളെല്ലാം ടാബിലെ സ്‌ക്രീനില്‍ തെളിയും.

ഓട്ടൊ ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങളും ടാബില്‍ ലഭ്യമാകും. ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍, ആംബുലന്‍സ് സൗകര്യം, ആശുപത്രികള്‍ തുടങ്ങിയ വിവരങ്ങളും ടാബില്‍ ലഭിക്കും. മൊബൈല്‍ ആപ്പ് സൗകര്യങ്ങളും ഇതില്‍ ഉപയോഗിക്കാം. വാഹനത്തിലെ ടാബ് ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here