‘നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം ഓണസമ്മാനങ്ങള്‍ വാങ്ങാം’ പദ്ധതിക്ക് ഗംഭീര തുടക്കം; ഓണത്തിന്റെ തനതായ അനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നു കടകംപള്ളി സുരേന്ദ്രന്‍

0
93


. തിരുവനന്തപുരം: സംസ്ഥാന ടുറിസം വകുപ്പ് സംഘടിപ്പിക്കുന്ന നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം ഓണസമ്മാനങ്ങള്‍ വാങ്ങാം പദ്ധതി സംസ്ഥാന ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഔദ്യോഗിക വീഡിയോ പ്രകാശനവും കോണ്‍സപ്റ്റ് കാര്‍ഡ് പ്രകാശനവും മന്ത്രി തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടത്തുന്ന ചെറുകിട യൂണിറ്റുകളെയും റെസ്‌പോണ്‍സിബിള്‍ ടൂറിസം യൂണിറ്റുകളെയും ഏകോപിപ്പിച്ച് സഞ്ചാരികള്‍ക്കായി ഓണം പാക്കേജുകള്‍ ഒരുക്കുന്നതാണ് ‘നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം ഓണസമ്മാനങ്ങള്‍ വാങ്ങാം’ പദ്ധതി.

കേരളത്തിലെത്തുന്ന വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികള്‍ക്ക് ഓണത്തിന്റെ തനതായ അനുഭവം ലഭ്യമാക്കുകയാണ് കേരള ടൂറിസം പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ടൂറിസം മേഖലയില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പുതിയ തൊഴിലവസരങ്ങള്‍ വഴി ഗ്രാമീണ ജനതയ്ക്കുള്ള വരുമാനമാര്‍ഗ്ഗം ഉറപ്പാക്കുകയാണ് പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയില്‍ നിന്ന് തദ്ദേശീയര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനുള്ള പരാമവധി അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി നാലര കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ഭരണാനുമതി നേടുകയും ചെയ്തു. പരിസ്ഥിതിയ്ക്കും പ്രദേശത്തെ ജനങ്ങള്‍ക്കും മികച്ച പരിഗണന ഉറപ്പാക്കുന്ന വിധത്തിലായിരിക്കും ഉത്തരവാദിത്ത ടൂറിസം മിഷന്റെ എല്ലാ പദ്ധതികളും പ്രവര്‍ത്തിക്കുക.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിനായി മാനവവിഭവശേഷി ഡയറക്ടറി തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ഇപ്പോള്‍ നടപ്പിലാക്കുന്ന നാട്ടിന്‍ പുറങ്ങളില്‍ ഓണമുണ്ണാം ഓണസമ്മാനങ്ങള്‍ വാങ്ങാം പദ്ധതി തുടക്കം മാത്രമാണെന്നും അടുത്ത ഓണക്കാലമാകുമ്പോഴേക്കും ഈ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. താല്‍പര്യമുള്ള കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളില്‍ സഞ്ചാരികളെ സ്വീകരിക്കാനും ഓണസദ്യ നല്‍കുന്നതിനും പദ്ധതി അവസരമൊരുക്കും.

വീട്ടില്‍ ഊണ്, ചായക്കടകള്‍, ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നാടന്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സഞ്ചാരികളെ ജൈവ പച്ചക്കറികള്‍, ഖാദി വസ്ത്രം, പ്രാദേശിക ഉല്‍പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ എന്നിവ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ടൂറിസം സംരംഭകരോടൊപ്പം തന്നെ ചെറുകിട വ്യാപാരികള്‍ക്കും പരമ്പരാഗത കലാകാരന്മാര്‍ക്കും മികച്ച വരുമാനം നേടിക്കൊടുക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

ഉത്തരവാദിത്ത ടുറിസം പദ്ധതി എങ്ങനെ നടപ്പിലാകുന്നു എന്നറിയാനും സാധാരണക്കാര്‍ക്ക് പദ്ധതിയുണ്ടാക്കുന്ന മാറ്റമെന്തെന്ന് നേരിട്ട് ബോധ്യപ്പെടാനുമായി മാധ്യമ പ്രവര്‍ത്തകരെ മന്ത്രി കുമരകത്തേക്ക് ക്ഷണിച്ചു. ടൂറിസം പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ തുകയും സെപ്റ്റംബര്‍ പകുതിയോടെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമെന്നും വകുപ്പിനെ സംബന്ധിച്ച് ഇത് റേക്കോര്‍ഡാണെന്നും മന്ത്രി പറഞ്ഞു.
അത്തപ്പൂക്കളവും ഓണസദ്യയുമടക്കം ഓണാഘോഷങ്ങളുടെ തനതായ അനുഭവം വാണിജ്യസ്ഥാപനങ്ങളില്‍ നിന്നും വീടുകളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കും പറിച്ച് നടനാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ടൂറിസം ഡയറക്ടടര്‍ ബാലകിരണ്‍ ഐഎസ് പറഞ്ഞു. കേരളത്തിന്റെ നാട്ടിന്‍പുറങ്ങളുടെ തനിമയും പാരമ്പര്യവും വിദേശ സ്വദേശി ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുകയും ഒപ്പം അതിന്റെ ഗുണം പ്രദേശവാസികള്‍ക്ക് ലഭ്യമാക്കുകയുമാണ് റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന്റെ ലക്ഷ്യം.

നിലവിലുള്ള ഏഴ് ഡെസ്റ്റിനേഷനുകളില്‍ നിന്നും പദ്ധതി 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും .ടൂറിസം മേഖല മുഴുവനായും ഉത്തരവാദിത്ത ടൂറിസത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. 126 വീടുകള്‍, 63 ഹോംസ്റ്റേ, 34 റെസ്റ്റോറന്റുകള്‍, തുടങ്ങിയവ ഇതിനോടകം തന്നെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതായും ബാലകിരണ്‍ പറഞ്ഞു. അതോടൊപ്പം 650 പേര്‍ ഓണസദ്യക്ക് രജിസ്റ്റര്‍ ചെയ്തതായും 170 വിദേശി ടൂറിസ്റ്റുകളും 146 സ്വദേശി ടൂറിസ്റ്റുകളും പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നും ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി.
വയനാട്, കോവളം, കുമരകം, വൈക്കം, ബേക്കല്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതിയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ‘ഓണം സ്‌പെഷ്യല്‍ ഗ്രാമയാത്രകള്‍’ എന്ന് പേരിട്ടിരിക്കുന്ന ആദ്യഭാഗത്തിലൂടെ ഓണക്കാലത്ത് കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളെ പരിചയപ്പെടുത്തുകയാണ് ഉദ്ദേശം.

ഗൈഡുമാരുടെ അകമ്പടിയോടെയായിരിക്കും ഗ്രാമങ്ങളിലേക്ക് യാത്രകള്‍ സംഘടിപ്പിക്കുക. കൂടാതെ പ്രദേശത്തെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളില്‍ നിന്ന് ഓണസമ്മാനങ്ങള്‍ നേടുകയും ചെയ്യാം. ദേശീയ, അന്തര്‍ദേശീയ സഞ്ചാരികള്‍ക്കൊപ്പം, പ്രവാസികളായ മലയാളി കുടുംബങ്ങളെയും, കേരളത്തില്‍ നിന്നുള്ള കുടുംബങ്ങളേയും ഒരു പോലെ ആകര്‍ഷിക്കുന്ന പാക്കേജുകള്‍ ഓരോ സ്ഥലത്തെയും വിനോദസഞ്ചാര പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ടൂറിസം ഡയറക്ടര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here