നളിനി നെറ്റൊ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും; ഭരണതലത്തില്‍ നിരവധി മാറ്റങ്ങള്‍

0
264

മന്ത്രിസഭായോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുത്തു. ചീഫ് സെക്രട്ടറിയായി ഡോ.കെ.എം. അബ്രഹാമിനെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അബ്രഹാം. അദ്ദേഹത്തിന് 2017 ഡിസംബര്‍ 31 വരെ കാലാവധിയുണ്ട്. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലാണ് അബ്രഹാമിന്റെ നിയമനം.

നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും കോട്ടയം കലക്ടറായി ബി.എസ്. തിരുമേനിയെയും നിയമിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഗ്രാമവികസന കമ്മീഷണറാണ് തിരുമേനി.

പരീക്ഷാ കമ്മീഷണറുടെ ചുമതല എം.എസ് ജയക്കും എസ്. രമയെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും നിയമിക്കാന്‍ തീരുമാനിച്ചു. ജലവിഭവ വകുപ്പില്‍നിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ചതാണ് എസ് രമ.

ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്റെ പുനരുദ്ധാരണവും ശമ്പളപരിഷ്‌കരണവും സംബന്ധിച്ച ശുപാര്‍ശകള്‍ ധനവകുപ്പിന്റെ നിബന്ധനകള്‍ക്കു വിധേയമായി നടപ്പാക്കാന്‍ തീരുമാനിച്ചു. നഗരസഭ-മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടിജന്റ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാനും മന്ത്രിസഭായോഗം തീരുമാനം എടുത്തു.

കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് നടത്തുന്നതിന് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി എ. രാജേഷിനെ (കളമശ്ശേരി) നിയമിക്കാന്‍ തീരുമാനിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പബ്ലിക് ഹെല്‍ത്ത് ലാബ് സജ്ജമാക്കുന്നതിന് 10 തസ്തികകള്‍ സൃഷിക്കും.

ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പന ശാലകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഹെല്‍പ്പര്‍-സെയില്‍സ്മാന്‍ തസ്തികയില്‍ 300 പേരെ എംപ്ലായ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാന്‍ തീരുമാനമെടുത്തു.

രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്ക് പ്രതിമാസം നല്‍കുന്ന സാമ്പത്തിക സഹായം 4000 രൂപയില്‍നിന്ന് 6000 രൂപയായും യുദ്ധസേനാനികളുടെ വിധവകള്‍ക്കുളള പ്രതിമാസ സഹായം 2500 രൂപയില്‍ നിന്ന് 6000 രൂപയായും വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here