അവധി ആനുകൂല്യം ലഭിക്കുന്നതിനായി വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കൂടാതെ അദ്ദേഹത്തിന് സമന്‍സ് നല്‍കരുതെന്നും കോടതി ഉത്തരവിട്ടു.
വ്യാജരേഖ ചമച്ചുവെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വ്യാജരേഖ നല്കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സെന്‍കുമാറിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് വ്യാജരേഖ കേസില്‍ അദ്ദേഹത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് സെന്‍കുമാറിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കിയത്.
പോലീസ് മേധാവി സ്ഥാനത്തുനിന്ന് ഇടതുസര്‍ക്കാര്‍ നീക്കിയതിനെത്തുടര്‍ന്ന് 2016 ജൂണ്‍ ഒന്നുമുതല്‍ 2017 ജനുവരി 31 വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അവധിയിലായിരുന്നു. ഇക്കാലയളവില്‍ അര്‍ധവേതന അവധിയെടുക്കാന്‍ ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയത് സര്‍ക്കാര്‍ അംഗീകരിച്ചു. പിന്നീട് തന്റെ അര്‍ധവേതന അവധി, പരിവര്‍ത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്നാവശ്യപ്പെട്ട് 2017 ഫെബ്രുവരി ആറിന് അദ്ദേഹം അപേക്ഷ നല്കി.
ഇതിനൊപ്പം നല്കിയ മെഡിക്കല്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് വിജിലന്‍സിനുലഭിച്ച പരാതിയില്‍ പറഞ്ഞിരുന്നത്. ഇങ്ങനെ സര്‍ക്കാരില്‍നിന്ന് ലക്ഷക്കണക്കിനുരൂപ അനധികൃതമായി നേടിയെടുത്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇതില്‍ കഴമ്പുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.
വ്യാജേരേഖ കേസു കൂടാതെ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും സെന്കുമാറിനെതിരെയുണ്ട്. എന്നാലിതില്‍ സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.