തിരുവനന്തപുരം: സ്വാശ്രയപ്രശ്നം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ ലഭ്യമാക്കുന്നത് സംബന്ധിച്ച് ധനവകുപ്പ് ഇന്ന് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തുന്നുമുണ്ട്. .
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം തേടിയ വിദ്യാര്‍ഥികള്‍ക്ക് ഫീസിന് പുറമെയുള്ള ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവേശനത്തിലെ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കണമെന്നാവശ്യം സര്‍ക്കാര്‍ ബാങ്കുകള്‍ക്കുമുന്നില്‍ വെയ്ക്കും.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഫീസ് നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയില്‍ തിരിച്ചടിയേറ്റിരുന്നു. മെഡിക്കല്‍ പ്രവേശന ഫീസായി എല്ലാ സ്വാശ്രയ കോളെജുകള്‍ക്കും 11 ലക്ഷം രൂപ വാങ്ങാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതില്‍ അഞ്ച് ലക്ഷം പണമായും ആറ് ലക്ഷം ബാങ്ക് ഗ്യാരന്റിയായും നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളെജുകള്‍ക്കും വിധി ബാധകമാണ്. രണ്ട് സ്വാശ്രയ കോളെജുകള്‍ക്ക് 11 ലക്ഷം ഫീസ് വാങ്ങാന്‍ അനുമതി നല്കിയ സുപ്രിം കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നത്.