ഹാദിയ കേസിന്റെ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ആര്.വി.രവീന്ദ്രന്. ഇതേക്കുറിച്ച് തനിക്കിനി ഒന്നും പറയാനില്ലെന്നും, ഇത് താനും കോടതിയും തമ്മിലുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ ബെംഗളൂരുവില്‍ വിശ്രമജീവിതം നയിക്കുന്ന രവീന്ദ്രന് തനിക്ക് കേസിന്റെ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന കാര്യം എന്‍ഐഎയെ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ മാസം പതിനാറിനാണ് സുപ്രീംകോടതി ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വേണം അന്വേഷണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്നാണ് കേസിന്റെ മേല്‍നോട്ടം വഹിക്കാന്‍ ആര്.വി.രവീന്ദ്രനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ കേസിന് മേല്‍നോട്ടം വഹിക്കാന്‍ താത്പര്യമില്ലെന്ന് ആര്.വി.രവീന്ദ്രന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയൊരാളെ ഇതിനായി കണ്ടത്തേണ്ടി വരും.
അതേസമയം ഹാദിയ കേസിലെ അന്വേഷണം എന്‍ഐഎ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഹാദിയ കേസിള്‍ ഉള്‍പ്പെട്ട ചിലര്‍ പാലാക്കാട്ടെ ആതിര നമ്പ്യാര്‍ എന്ന പെണ്‍കുട്ടിയുടെ മതമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യമാണ് ആദ്യഘട്ടത്തില്‍ എന്‍ഐഎ അന്വേഷിക്കുക.