തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജ് അഡ്മിഷന് പ്രശ്നത്തില്‍ സര്‍ക്കാര്‍ തീരുമാനം ബാങ്കുകളെ വെട്ടിലാക്കി. വിദ്യാര്‍ഥികള്‍ക്ക് ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നല്കാന് ബാങ്കുകള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുന്നത്.
പക്ഷെ ബാങ്കുകള്‍ക്ക് ലോണ്‍ നല്കുമ്പോള് സര്‍ക്കാര്‍ ഗാരന്റി എന്ന പരിഗണന നല്കണമെങ്കില് ബാങ്കുകളുടെ ഹെഡ് ഓഫീസുകളില്‍ നിന്നും തീരുമാനം വരണം. ഈ തീരുമാനം ഡയരക്ടര്‍ ബോര്‍ഡ് എടുക്കേണ്ടി വരും.
കാരണം സര്‍ക്കാര്‍ വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗാരന്റി മതി. പക്ഷെ സ്വകാര്യ വ്യക്തികള്‍ക്ക് നല്കുന്ന വായ്പയില്‍ സര്‍ക്കാര്‍ ഗാരന്റി എന്നത് അവര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
സ്വകാര്യ വ്യക്തികൾക്കു സർക്കാർ ഗാരന്റി അംഗീകരിക്കണമെങ്കിൽ നടപടിക്രമങ്ങൾ ഇളവു ചെയ്യേണ്ടിവരികയും ചെയ്യും. ഇത് ബാങ്കുകള്‍ക്ക് സ്വയം എടുക്കാന്‍ കഴിയുന്ന തീരുമാനമല്ല. ഗാരന്റിയുടെ പേരിൽ സർക്കാരിൽനിന്നു പണംഈടാക്കിയെടുക്കണമെങ്കില് വര്‍ഷങ്ങള്‍ നീളുന്ന നടപടിക്രമം വേണ്ടിവരും.
ഇത് കാരണം സര്‍ക്കാര്‍ ഗ്യാരണ്ടി എന്ന കാര്യത്തില്‍ ബാങ്കുകള്‍ പിന്നോട്ടടിക്കുന്നു. അപേക്ഷകന്റെ വസ്തുവോ വീടോ സ്ഥിര നിക്ഷേപമോ സെക്യൂരിറ്റിയായി വാങ്ങാതെ ദേശസാൽകൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും സർക്കാർ നൽകുന്ന ഉറപ്പിന്റെ മാത്രം അടിസ്ഥാനത്തിൽ ബാങ്ക് ഗാരന്റി നൽകണമെന്നാണ് ഇന്നലത്തെ യോഗത്തിലെ തീരുമാനം. ഇനി ബാങ്കുകളുടെ തീരുമാനം കൂടി അറിയേണ്ടതുണ്ട്. ഇത് സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു.