സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള സ്പോട് അഡ്മിഷൻ ഇന്നു പൂർത്തിയാകും

0
52

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള സ്പോട് അഡ്മിഷൻ ഇന്നു പൂർത്തിയാകും. 8,000 മുതൽ മുകളിലേക്കുള്ള റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരെയാകും സ്പോട്ട് അഡ്മിഷനില്‍ ഇന്നു പരിഗണിക്കുക. മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവ് വന്ന 690 എംബിബിഎസ്, 450 ബിഡിഎസ് സീറ്റുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നടക്കുന്നത് .

ഇന്നലെ സ്‌പോട് അഡ്മിഷനില്‍ നീറ്റ് പട്ടിക പ്രകാരമുള്ള 8000 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരമുണ്ടായിരുന്നത്. പ്രവേശന നടപടികള്‍ ഇന്നലെ പുലര്‍ച്ചെ വരെ നീണ്ടു. സ്പോട് അഡ്മിഷനിലൂടെ പ്രവേശനം നേടിയവർ ഏഴ് ദിവസത്തിനകം വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു പ്രവേശന കമ്മിഷ്ണർ നിർദേശം നൽകിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ രക്ഷിതാക്കളുടെയും കെഎസ്‍യുവിന്റെയും പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.

സ്പോട്ട് അഡ്മിഷൻ അട്ടിമറിക്കാൻ മാനേജ്മെന്റുകൾ ശ്രമിക്കുന്നുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഉയർന്ന റാങ്കുകാരെ ഒഴിവാക്കി പിന്നില്‍ ഉള്ളവര്‍ക്ക് അധിക പണം ഈടാക്കി അഡ്മിഷൻ നൽകുന്നുവെന്നുമായിരുന്നു ആരോപണം. ഒഴിവുള്ള സീറ്റുകളുടെ എണ്ണം പുറത്തുവിടാത്തതും പ്രതിഷേധത്തിനിടയാക്കി. 23 കോളജുകളിലായി 690 എംബിബിഎസ് സീറ്റുകളും ബിഡിഎസിൽ 450 സീറ്റുകളുമാണുണ്ടായിരുന്നത്. നീണ്ട പ്രതിഷേധത്തിനൊടുവിൽ ഉച്ചയോടെയാണു ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here