അട്ടപ്പാടിയിലെ ശാന്തി ‘പിങ്ക് ടോയ്ലറ്റ്’ പദ്ധതി സ്വച്ഛ് ഭാരത് ഏറ്റെടുക്കുന്നു

0
61

തൃശൂര്‍; അട്ടപ്പാടിയിലെ അഗളി സര്‍ക്കാര്‍ സ്‌കൂളില്‍ നടപ്പാക്കിയ പിങ്ക് ടോയ്ലറ്റ് സംവിധാനം രാജ്യത്തൊട്ടാകെ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററാണ് പദ്ധതി നടപ്പിലാക്കിയത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കു മാത്രമായി ഉപയോഗിക്കാവുന്ന പിങ്ക് ടോയ്ലറ്റില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനും ഉപയോഗിച്ച നാപ്കിനുകള്‍ സംസ്‌കരിക്കുന്നതിനാവശ്യമായ സൗകര്യങ്ങളുമുണ്ട്. ഉപയോഗിച്ച നാപ്കിനുകള്‍ കരിച്ച് ചാരമാക്കി കളയാവുന്ന സംവിധാനമാണിത്. കേരളത്തിലാദ്യമായി അഗളി സര്‍ക്കാര്‍ സ്‌കൂളില്‍ നടപ്പാക്കിയ പദ്ധതിക്ക് രാജ്യത്തൊട്ടാകെ മികച്ച അംഗീകാരമാണ് ലഭിച്ചത്. ഉഷാ പ്രേമന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്.

ആര്‍ത്തവകാലത്ത് ശൗച്യാലയങ്ങളില്‍ യാതൊരു സജ്ജീകരണങ്ങളുമില്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ മടിക്കുന്ന സ്ഥിതി മാറ്റിയെടുക്കാനാണ് ഒന്നേകാല്‍ ലക്ഷം രൂപ ചെലവില്‍ രണ്ടുമുറിയുള്ള ശൗചാലയം നിര്‍മിച്ചത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ഉമ പ്രേമന്റെ കത്ത് അംഗീകരിച്ച കേന്ദ്ര അണ്ടര്‍ സെക്രട്ടറി ഗോപാല്‍ ജഹ സ്വച്ഛ്ഭാരത് മിഷന്‍ ഡയറക്ടര്‍മാര്‍ക്ക് ഇതു മാതൃകയാക്കാന്‍ ഉത്തരവിടുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഉടന്‍തന്നെ പിങ്ക് ടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ നടപടികളെടുക്കണമെന്നു ഡയറക്ടറേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ അഗളി സര്‍ക്കാര്‍ സ്‌കൂള്‍ രാജ്യത്തിനാകെ മാതൃകയായി.