
ഡോക് ലാ വിഷയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊങ്ങച്ചം പറയുന്നത് കഴിഞ്ഞാല്‍ ഡോക് ലായിലെ ചൈനയുടെ റോഡ് നിര്‍മാണത്തെ കുറിച്ച് മോദി വിശദീകരണം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഡോക് ലാ വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് ട്വിറ്ററിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്.
രാഹുലിന് പിന്നലെ കോണ്‍ഗ്രസ് വക്താവ് കപില്‍ സിബലും ഡോക് ലാ വിഷയത്തില്‍ മോദി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തെ ഏത് തരത്തിലാണ് സര്‍ക്കാര്‍ നേരിടുന്നതെന്നും ചൈനീസ് പ്രസിഡന്റിനെ സബര്‍മതിയിലേക്ക് ക്ഷണിക്കാന്‍ മോദി ആലോചിക്കുന്നുണ്ടോ എന്നും കപില്‍ സിബല്‍ പരിഹസിച്ചു.
കഴിഞ്ഞ ദിവസമാണ് ഡോക് ലായില്‍ ചൈന പുതിയ റോഡ് നിര്‍മാണം ആരംഭിക്കുന്നുവെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. റോഡ് നിര്‍മാണത്തിന് പുറമേ ഡോക് ലായില്‍ സൈനികരെയും വര്‍ധിപ്പിച്ചിട്ടുണ്ട്.