ദേര സച്ഛാ സൗദയില്‍ കൂട്ട ഷണ്ഡീകരണം നടന്നുവെന്ന് പൊലീസ്

0
54

പഞ്ച്കുല: ഗുര്‍മീത് റാം റഹിം സിംഗിന്റെ ദേര സച്ഛാ സൗദയില്‍ കൂട്ട ഷണ്ഡീകരണം നടന്നതായി പൊലീസ്. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീതിന്റെ അടുത്ത രണ്ട് അനുയായികളെ പഞ്ച്കുല കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ആശ്രമത്തിനെതിരേ മുമ്പെ ഉയര്‍ന്ന് വന്ന കൂട്ട ഷണ്ഡീകരണത്തിന് പൊലീസിന് തെളിവ് ലഭിച്ചത്.

കലാപവുമായി ബന്ധപ്പെട്ട് ഡേരാ സച്ഛായുടെ നിയമോപദേശകന്‍ ഡാന്‍ സിങ്ങിനെയും, ഗുര്‍മീതിന്റെ സഹായിയായ രാകേഷ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് പോവുന്നതിനിടെയാണ് രണ്ട് പേരുടെയും വൃഷണം നീക്കം ചെയ്തിരുന്നതായി പോലീസ് സ്ഥിരീകരിച്ചത്. വൃഷണം നീക്കം നടത്തിയത് മറ്റാരുടെയെങ്കിലും നിര്‍ബന്ധത്തിലാണോ എന്ന് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക ആരോഗ്യ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇവരുടെ മെഡിക്കല്‍ പരിശോധന നടക്കും.

ഡേരാ സച്ഛായില്‍ കൂട്ട ഷണ്ഡീകരണം നടന്നതായി ആശ്രമത്തിലെ മുന്‍ അംഗം നവകിരണ്‍ സിങ് 2012 ല്‍ ആരോപിച്ചിരുന്നു. ഇതില്‍ അന്വേഷണം നടന്ന് വരികെയാണ്. ചുരുങ്ങിയത് 400 പേരെയെങ്കിലും ഇവിടെ ഷണ്ഡീകരിച്ചതായാണ് ഇദ്ദേഹം ആരോപിച്ചിരുന്നത്.ദൈവവുമായി കൂടുതല്‍ അടുക്കാനാണ് ഷണ്ഡീകരണം നടത്തിയതെന്നായിരുന്നു ആരോപണം.