പീഡനത്തിനിരയായ കുട്ടിയെ പരിശോധിക്കാത്ത ഡോക്ടര്‍ക്കെതിരെ കേസെടുക്കാം

0
54


പത്തനംതിട്ട: ശാരീരികമായി ഉപദ്രവിക്കപ്പെട്ട അഞ്ചര വയസ്സുള്ള പെണ്‍കുട്ടിയെ മണിക്കൂറുകളോളം പരിശോധിച്ചില്ലെന്ന പരാതിയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാമെന്ന് പോക്‌സോ കോടതി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. അയിരൂരിലാണ് സംഭവം. ഇക്കാര്യത്തില്‍ നിയമോപദേശത്തിന്റെ ആവശ്യമില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഐപിസി 166 എ, 166 ബി വകുപ്പുകളനുസരിച്ചു കേസെടുക്കാം. ബന്ധുവായ യുവാവ് കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ സെപ്റ്റംബര്‍ 14നാണ് കോയിപ്രം പൊലീസ് കേസ് എടുത്തത്. തുടര്‍ന്നു കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടുപോയപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ആറു മണിക്കൂറോളം പരിശോധനയ്ക്ക് ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണു ബന്ധുക്കളുടെ പരാതി.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ടു ഗൈനക്കോളജിസ്റ്റുകളെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഡോ. ലേഖ മാധവ്, ഡോ. എം.സി. ഗംഗ എന്നിവരെയാണ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ ഡോ. ഗംഗയ്‌ക്കെതിരെ കേസ് എടുക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കോയിപ്രം എസ്‌ഐക്ക് നിര്‍ദേശം നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്,

ഡോക്ടര്‍മാര്‍ പരിശോധനയ്ക്കു തയാറായില്ലെന്നു കുട്ടിയുടെ മാതാപിതാക്കളും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ബാലികയെ പരിശോധിക്കുന്നതില്‍ ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കു നല്‍കി.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കു വീഴ്ച സംഭവിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസറും കണ്ടെത്തിയിരുന്നു. ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ക്കെതിരായ റിപ്പോര്‍ട്ട് പരിശോധിച്ചു നടപടിയെടുക്കാന്‍ മന്ത്രി കെ.കെ.ശൈലജ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.

സ്‌കൂളില്‍ നിന്നു വീട്ടിലേക്കു പോകാന്‍ സ്‌കൂള്‍ ബസില്‍ കയറാന്‍ നില്‍ക്കുകയായിരുന്ന അഞ്ചര വയസ്സുള്ള പെണ്‍കുട്ടിയെ അയല്‍വാസിയും ബന്ധുവുമായ യുവാവ് ഓട്ടോയിലെത്തി അയാളുടെ ബന്ധുവിന്റെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.