ബിജെപി ജനരക്ഷായാത്രക്കെതിരെ ആഞ്ഞടിച്ച്‌ സിപിഎം നേതാവ് എം വി ജയരാജന്‍

0
66

ബിജെപി ജനരക്ഷായാത്രക്കെതിരെ ആഞ്ഞടിച്ച്‌ സിപിഎം നേതാവ് എം വി ജയരാജന്‍.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനരക്ഷായാത്രയെ മലയാളികള്‍ കയ്യൊഴിഞ്ഞതിനെപറ്റിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തെപ്പറ്റിയും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ പ്രതികരിച്ചിരിക്കുന്നത്.

എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാരണാസിയും ഗൊരഘ്പൂറും ഹൃദയഭേദക കാഴ്ചകളും

ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഘ്പൂറില്‍ 85 കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചത് അധികം മുമ്ബല്ല.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടച്ചയായി കുഞ്ഞുങ്ങള്‍ മരിക്കുമ്ബോഴും ആവശ്യമായ സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നത് യു.പി യില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയതാണ്. അതേ യു.പി യിലെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ ആശുപത്രിയിലാവട്ടെ അനസ്തേഷ്യ നല്‍കുന്നതിന് പകരം വിഷവാതകം ശ്വസിപ്പിച്ച്‌ കൂട്ടത്തോടെ രോഗികളെ കൊലപ്പെടുത്തിയിരിക്കുന്നു. ജീവീതത്തിലേക്ക് തിരിച്ചുവരുന്നതിനാണ് ഓരോ രോഗിയും മനസ്സില്ലെങ്കിലും സര്‍ജറിക്കുള്‍പ്പടെ വിധേയമാകുന്നത്. അതിന്റെ മുന്നോടിയായാണ് അനസ്തേഷ്യസ്റ്റിന് മുന്നിലെത്തുന്നത്. എന്നാല്‍ അനസ്തേഷ്യയ്ക്ക് പകരം വിഷവാതകം ശ്വസിപ്പിച്ച്‌ 14 പേരാണ് പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ മരണപ്പെട്ടത്.

ചികിത്സാപ്പിഴവ് കാരണം ഈയ്യടുത്തായി 99 പേരാണ് യു.പി യില്‍ മരണപ്പെട്ടത്. ഇത്രയധികം പേര്‍ മരണപ്പെട്ടിട്ടും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രി യോഗിയും പ്രധാനമന്ത്രി മോദിയും മരണപ്പെട്ടവരുടെ കുടുംബത്തോട് ഒരു മാപ്പെങ്കിലും പറയാന്‍ തയ്യാറായിട്ടില്ല. ഒരുപക്ഷേ, ബി.ജെ.പി നേതാക്കളായ ഇവരെ ഇതൊന്നും വേദനിപ്പിക്കുന്നുണ്ടാവില്ല. ഗര്‍ഭസ്ഥ ശിശുമുതല്‍ ആയിരങ്ങള്‍ മരണപ്പെട്ടപ്പോഴും മനസ്സ് വേദനിക്കാത്തവരല്ലെ.

സ്വന്തം സംസ്ഥാനത്ത് ചികിത്സാപ്പിഴവുമൂലം കുഞ്ഞുങ്ങളും മുതിര്‍ന്നവരും എന്ന വ്യത്യാസമില്ലാതെ കൂട്ടത്തോടെ മരണപ്പെടുമ്ബോഴും ആദിത്യനാഥ് കേരളത്തിലെത്തി ജനങ്ങളെ കൂട്ടത്തോടെ രക്ഷിക്കാന്‍ ജാഥനടത്തുകയാണ്. യു.പി യിലെ ആശുപത്രികളെ കണ്ട് പഠിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ്. നിര്‍ലജ്ജം നുണകള്‍ നൂറാവര്‍ത്തി പറയാന്‍ മടിയില്ലാത്തവരാണ് ആര്‍.എസ്.എസുകാരെന്ന് ജനങ്ങള്‍ക്കറിയാം. എന്നാലും വിഷവാതകം നല്‍കിയുള്‍പ്പടെ യു.പി യിലെ ആശുപത്രിയില്‍ രോഗികള്‍ മരിക്കുമ്ബോഴും ആ ആശുപത്രിയെ കണ്ട് പഠിക്കണമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്കേ പറ്റൂ. ആ തിരിച്ചറിവില്‍ നിന്നാണ് നിങ്ങളുടെ രക്ഷ ഞങ്ങള്‍ക്ക് വേണ്ടെന്ന് ജാഥക്കാരുടെ മുഖത്തുനോക്കി ജനങ്ങള്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെയാണ് ആളെ ഇറക്കുമതിചെയ്തുള്‍പ്പടെ ബി.ജെ.പി ക്ക് ജാഥ നടത്തേണ്ടിവന്നത്. ഹിന്ദി മുദ്രാവാക്യവും വാര്‍ത്തയും, ബി.ജെ.പിക്കാര്‍ തന്നെവെച്ച ‘പീനേ കാ പാനി’ ബോര്‍ഡുള്ള വാഹനവും മലയാളികള്‍ കയ്യൊഴിഞ്ഞ ജാഥയെക്കുറിച്ച്‌ തെളിയിച്ചതാണ്. ഇരുള്‍ മൂടുന്ന കാഴ്ചകള്‍ ബി.ജെ.പി ഭരണത്തിനുകീഴില്‍ യു.പി യിലും രാജ്യത്തും പ്രകടമാണ്.