മെട്രോ നിരക്ക് വര്‍ധന പിന്‍വലിക്കണമെങ്കില്‍ പ്രതിവര്‍ഷം 3000 കോടി വീതം നല്‍കണം : കേന്ദ്രം

0
58


ഡിഎംആര്‍സിക്ക് പ്രതിവര്‍ഷം 3000 കോടി രൂപ വീതം നല്‍കിയാല്‍ ഡല്‍ഹി മെട്രോ നിരക്ക് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രനഗരകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി.നിരക്ക് വര്‍ധിപ്പിക്കുന്നത് തടയാന്‍ കേന്ദ്രത്തിന് അധികാരമില്ല. എന്നാല്‍ പകരം ഫണ്ട് നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറായാല്‍ നിരക്ക് വര്‍ധന താല്‍ക്കാലികമായി ഒഴിവാക്കാന്‍ കേന്ദ്രത്തിന് സാധിക്കും. നിരക്ക് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച അരവിന്ദ് കെജ്രിവാളിനുള്ള മറുപടിയിലാണ് ഹര്‍ദീപ് സിങ് ഇക്കാര്യം സൂചിപ്പിച്ചത്.

പ്രതിവര്‍ഷം 3000 കോടി രൂപ വീതം അഞ്ച് വര്‍ഷം ഡിഎംആര്‍സിക്ക് നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറായാല്‍ പുതിയ നിരക്ക് നിര്‍ണയക കമ്മിറ്റിയെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിത്യവും 27 ലക്ഷം യാത്രക്കാരാണ് ഡല്‍ഹി മെട്രോ ഉപയോഗിക്കുന്നത്.പ്രവര്‍ത്തനം ആരംഭിച്ച് ഇത് നാലാമത്തെ തവണയാണ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിക്കാന്‍ ഡിഎംആര്‍സി ഒരുങ്ങുന്നത്. ഒക്ടോബര്‍ 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചനകള്‍. ഇതോടെ 10 മുതല്‍ 15 രൂപയുടെ വരെ വര്‍ധന ടിക്കറ്റ് നിരക്കില്‍ ഉണ്ടായേക്കും. മെട്രോ ടിക്കറ്റിന്റെ പരമാവധി തുക 50ല്‍ നിന്നും 60 രൂപയായും ഉയരും. നിലവിലുള്ള മെട്രോ നിരക്ക് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പരിഷ്കരിച്ചതാണ്.