വാഹന പണിമുടക്ക് കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍

0
49

ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഈ മാസം 9, 10 തീയതികളില്‍ രാജ്യവ്യാപകമായി നടത്തുന്ന വാഹന പണിമുടക്ക് കേരളത്തിലെ പൊതുഗതാഗതത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍. സമരം പ്രഖ്യാപിച്ചിരിക്കുന്നത് വന്‍കിട ചരക്കു വാഹനങ്ങളുടെ ഉടമകളാണ്.

ട്രേഡ് യൂണിയനുകള്‍ സമരാവശ്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും സമരം നടത്തുന്നതു സംബന്ധിച്ച് യൂണിയനുകളുമായി ആലോചിക്കുകയോ പിന്തുണ അഭ്യര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ല. കേരളത്തിലെ ബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികളോ, വാഹന ഉടമകളോ സമരത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ സമരത്തെ എതിര്‍ക്കുന്നുമില്ല.

ജി.എസ്.ടി മൂലമുള്ള പ്രശ്‌നങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന തുടങ്ങിയവയ്‌ക്കെതിരെയാണ് സമരം. ഇതേ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ വാഹന ഉടമകളും തൊഴിലാളികളും വിപുലമായ പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതായാണ് സൂചന.

അതേസമയം, രാജ്യവ്യാപകമായി നടത്തുന്ന ചരക്കുവാഹനങ്ങളുടെ സൂചനാ പണിമുടക്കില്‍ കേരളത്തിലെ ലോറികള്‍ പങ്കെടുക്കുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ അറിയിച്ചു.