ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശത്തെ തള്ളി ധനമന്ത്രി ടി.എം തോമസ് ഐസക്. സംസ്ഥാനത്തിന്റെ വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിച്ചാല്‍ ഇന്ധനനികുതി കുറയ്ക്കാന്‍ തയാറാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ സ്ഥിതിയില്‍ സംസ്ഥാനം നികുതി കുറച്ചാല്‍ 1500 കോടി നഷ്ടം വരുമെന്നാണ് മന്ത്രിയുടെ കണക്ക് കൂട്ടല്‍. ഈ പണം കേന്ദ്രസര്‍ക്കാര്‍ നല്കാമെങ്കില് നികുതി കുറയ്ക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുന്‍പ് കേന്ദ്രം നികുതി കുറച്ചാല്‍ സംസ്ഥാനം നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. ഒക്ടോബര്‍ നാലിന് കേന്ദ്ര എക്സൈസ് നികുതി കുറച്ചതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ കുറഞ്ഞു. അതിനു ശേഷമാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവില കുറയ്ക്കണമെന്ന ആവസ്യവുമായി എത്തിയത്.