ഉത്തരകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ വിഫലം; ഇനി യുദ്ധമെന്ന് ട്രംപ്

0
52


വാഷിങ്ടണ്‍: ഉത്തരകൊറിയയുമായുള്ള സമാധാന ചര്‍ച്ചകളൊക്കെ പരാജയമായിരുന്നെന്നും ഇനി യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന വാക്പോരിന്റെ തുടര്‍ച്ചയായാണ് ട്രംപ് ഉത്തരകൊറിയയ്ക്കെതിരെ ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കിയത്.

കഴിഞ്ഞ 25 വര്‍ഷമായി അമേരിക്ക ഉത്തരകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിരവധി കരാറുകളുണ്ടാക്കുകയും വലിയ തുക ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും പ്രയോജനം ചെയ്തില്ല. കരാറുകളില്‍ ഒപ്പുവെച്ച് മഷിയുണങ്ങും മുന്‍പ് അത് ലംഘിക്കപ്പെട്ടു. അമേരിക്കയുടെ സമാധാനശ്രമങ്ങളെയെല്ലാം പരിഹസിക്കുകയായിരുന്നു ഉത്തരകൊറിയ. ഇനി ഒരേയൊരു കാര്യം മാത്രമേ നടക്കൂ സൈനിക നീക്കത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

മിസൈല്‍ ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയയെ പൂര്‍ണമായി തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഇപ്പോഴുള്ളത് കൊടുങ്കാറ്റിനു മുന്‍പേയുള്ള ശാന്തതയാണെന്ന് ഇറാന്‍, ഉത്തരകൊറിയ, ഐഎസ് തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് നടന്ന ഒരു ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു.

അമേരിക്ക ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറെടുക്കുകയാണെന്ന് അടുത്തിടെ ഉത്തരകൊറിയ സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗം അന്റണ്‍ മൊറോസോവ് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില രൂപരേഖകള്‍ കണ്ടതായും ഉത്തരകൊറിയന്‍ അധികൃതരുമായി ഇക്കാര്യം സംസാരിച്ചതായും റഷ്യന്‍ മാധ്യമത്തോട് അദ്ദേഹം പറഞ്ഞിരുന്നു.