കൊലവിളി മുദ്രാവാക്യം; വി മുരളീധരനെതിരെ കേസെടുത്തു

0
58


ജനരക്ഷാ യാത്രയില്‍ പി ജയരാജനെതിരെ മുദ്രാവാക്യം വിളിച്ചതിനാല്‍ വി മുരളീധരനെതിരെ കേസെടുത്തു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനാലാണ് പിജെപി നേതാവ് വി മുരളീധരനെതിരെയും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തത്.

ഭീഷണിയുയര്‍ത്തുന്ന മുദ്രാവാക്യങ്ങളും പ്രകടനവും ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് യാത്ര കണ്‍വീനര്‍ വി മുരളീധരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷത്തിനുള്ള ശ്രമം,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

ജനരക്ഷാ യാത്രയുടെ കണ്ണൂര്‍ പര്യടനം പാനൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് നടക്കുന്നതിനിടെയാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ പ്രവര്‍ത്തകര്‍ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള മുദ്രാവാക്യം ഉയര്‍ത്തിയത്. ‘ഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ലട’ ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ വിളിച്ചത്.

ഇത് വി മുരളീധരന്‍ ഫെയ്സ്ബുക്കിലൂടെ തത്സമയം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ചൂണ്ടിക്കാട്ടി തലശ്ശേരി സ്വദേശി റാഷിദാണ് തലശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.