പദ്ധതികള്‍ മുടങ്ങുന്നു; എംഎൽഎ ഫണ്ടിൽ കെട്ടിക്കിടക്കുന്നത് 500 കോടിയിലേറെ രൂപ

0
63

തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎ ഫണ്ടിൽ കെട്ടിക്കിടക്കുന്നത് 500 കോടിയിലേറെ രൂപ. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് തുക ചിലവഴിക്കപ്പെടാതെ എംഎല്‍എ ഫണ്ടില്‍ തന്നെ തുടരുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷം എംഎൽഎമാർ നിർദേശിച്ച പദ്ധതികൾക്കു രൂപരേഖ നൽകുന്നതിൽ ഉദ്യോഗസ്ഥതല വീഴ്ച മൂലമാണു ഫണ്ട് വകമാറാതെ തുടരുന്നത്.

തുക പാഴാകാതിരിക്കാൻ പദ്ധതി രൂപരേഖ 31ന് അകം വീണ്ടും സമർപ്പിക്കാൻ ധനവകുപ്പ് ഉത്തരവിട്ടു. യുഡിഎഫ് സർക്കാരാണു 2012ൽ എംഎൽഎമാർക്കു നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തിനു പ്രതിവർഷം അഞ്ചുകോടി രൂപ വീതം അനുവദിച്ചത്.

പദ്ധതി നിർദേശങ്ങൾക്കു രൂപരേഖ തയാറാക്കി ധനവകുപ്പിന്റെ ഭരണാനുമതി നേടി നടപ്പാക്കേണ്ടതു ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ ചുമതലയാണ്. നാലുവർഷത്തേക്ക് 20 കോടി രൂപ എംഎൽഎമാർക്കു ലഭിക്കേണ്ടതായിരുന്നുവെങ്കിലും പദ്ധതി രൂപരേഖ സമർപ്പിക്കാതിരുന്നതിനാൽ മുഴുവൻ തുക ഭൂരിഭാഗം പേർക്കും ലഭിച്ചില്ല.

പല എംഎൽഎമാർക്കും അഞ്ചുകോടി രൂപ വരെയുള്ള പദ്ധതികൾക്കു ഭരണാനുമതി കിട്ടാനുണ്ട്. അഞ്ചുവർഷം മുൻപു സമർപ്പിച്ച പല പദ്ധതികൾക്കും ഇപ്പോൾ പ്രസക്തിയില്ലാത്തതിനാൽ കോടിക്കണക്കിനു രൂപ പാഴാകുമെന്നാണു സൂചന.

പദ്ധതികൾ മാറ്റി സമർപ്പിക്കാൻ അനുവദിക്കില്ലെന്നു ധനവകുപ്പു വ്യക്തമാക്കിയിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ മുടങ്ങുന്നുവെന്ന എംഎൽഎമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എ ഫണ്ടിന് ഭരണാനുമതി നൽകുന്നതിനുള്ള ചുമതല കലക്ടർമാര്‍ക്ക് ചുമതല നല്‍കി ജില്ലാതലത്തിലേക്കു മാറ്റിയിട്ടുണ്ട്.