പൃഥ്വിരാജിന് ഡേറ്റ് ഇല്ല നവാഗത സംവിധായികയുടെ ചിത്രം പാതിവഴിയില്‍

0
53

നവാഗതായായ റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ ചിത്രീകരണം പ്രതിസന്ധിയില്‍. പ്രധാനവേഷത്തിലെത്തുന്ന പൃഥ്വിരാജിന് ഡേറ്റ് ഇല്ലാത്തതിനെ തുടര്‍ന്നാണ് സിനിമയുടെ ചിത്രീകരണം നീണ്ടു പോകുന്നത്. മൈ സ്റ്റോറിയുടെ നിര്‍മ്മാണം ഒരു വര്‍ഷമായി നിലച്ചിട്ടും വിഷയത്തില്‍ ഇടപെടാതെ സിനിമാ സംഘടനകള്‍.

കോസ്റ്റ്യൂം ഡിസൈനറായ റോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ പോര്‍ച്ചുഗലായിരുന്നു. 13 കോടിയോളം രൂപ മുതല്‍മുടക്കില്‍ ചിത്രീകരണമാരംഭിച്ച സിനിമയാണ് അപ്രതീക്ഷിതമായി പാതിവഴിയില്‍ മുടങ്ങിയത്.വിഷയം മലയാള സിനിമയെ നിയന്ത്രിക്കുന്ന സംഘടനകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച്‌ കഴിഞ്ഞതാണ്. അനുകൂല തീരുമാനം പ്രതീക്ഷിച്ച്‌ കാത്തിരിക്കുകയാണ് ഈ നവാഗത സംവിധായിക.

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമെന്ന ഹൈലൈറ്റോടെ കഴിഞ്ഞ നവംബറിലാണ് മൈ സ്റ്റോറിയുടെ ചിത്രീകരണം തുടങ്ങിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പൃഥ്വിരാജ് മറ്റ് സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത്ത് നിര്‍മിച്ച്‌ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രവും ഇതില്‍പ്പെടും. പൃഥ്വിരാജും പാര്‍വതിയും തന്നെയാണ് ആ ചിത്രത്തിലും പ്രധാനവേഷത്തിലെത്തുന്നത്.

ഡിസംബറില്‍ റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാവ് കൂടിയായ റോഷ്നി പദ്ധതിയിട്ടിരുന്നത്. പോര്‍ച്ചുഗലിലെ രണ്ടാം ഷെഡ്യൂള്‍ നവംബറിലെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തപക്ഷം കാലാവസ്ഥയും തിരിച്ചടിയാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ നാളെ യോഗം ചേരുന്നുണ്ട്.