പ്രതിരോധ മന്ത്രിയുടെ അതിര്‍ത്തി സന്ദര്‍ശനം; ചൈനീസ് സൈനികരെയും അഭിവാദ്യം ചെയ്ത് മന്ത്രി

0
58

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യന്‍ ചൈന അതിര്‍ത്തി സന്ദര്‍ശിച്ചു. അതിര്‍ത്തി പ്രദേശമായ നാഥു ലാ ഏരിയ സന്ദര്‍ശനത്തിനിടെ അതിര്‍ത്തിക്കപ്പുറം നില്‍ക്കുന്ന ചൈനീസ് സൈനികരെയും അഭിവാദ്യം ചെയ്തു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈന്യം തിരിച്ച് മന്ത്രിയെയും അഭിവാദ്യം ചെയ്തു. വേലിക്കപ്പുറത്ത് നിന്ന് കൈകൂപ്പി നമസ്‌തേ പറഞ്ഞ് കുശലാന്വേഷണം നടത്തിയ നിര്‍മല സീതാറാമിനോട് ചൈനീസ് സൈനികര്‍ വിശേഷങ്ങള്‍ പങ്കുവെച്ചു.

അതിനിടയില്‍ തന്റെ സന്ദര്‍ശനത്തിന്റെ ചിത്രം പകര്‍ത്തുന്ന ചൈനീസ് സൈനികരെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്ന ചിത്രം നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു.

ഒരു ദിവസത്തെ സിക്കിം സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഗാങ്ക്‌ടോകില്‍ നിന്നും 52 കിലോ മീറ്റര്‍ അകലെയുള്ള നാഥു ലയില്‍ എത്തി അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരും എ.ടി.ബി.പി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഗാങ്ക്‌ടോകില്‍ നിന്നും റോഡ് മാര്‍ഗമാണ് മന്ത്രി നാഥു ലയില്‍ എത്തിയത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ദോക്‌ലാം, സിക്കിമിലെ ഇന്തോ-സിനോ അതിര്‍ത്തി എന്നീ പ്രദേശങ്ങള്‍ ഹെലികോപ്ടറിലിരുന്ന് വിലയിരുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അത് നടക്കാതിരുന്നപ്പോള്‍ മന്ത്രി റോഡ് മാര്‍ഗം തന്നെ നാഥു ലാ അതിര്‍ത്തിയില്‍ എത്തുകയായിരുന്നു.

സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി മന്ത്രിയെ സ്വീകരിച്ചു. ഈസ്റ്റ് കമാന്‍ഡ് മേധാവിയായ ലഫ്.ജനറല്‍ അഭയ് കൃഷ്?ണ, കരസേനാ ഉപമേധാവി ലഫ്. ജനറല്‍ ശരത് ചന്ദ്ര എന്നിവര്‍ മന്ത്രിയെ അനുഗമിച്ചിരുന്നു.