മഴ തടസ്സമായിട്ടും ഇന്ത്യക്കു ജയം

0
47


48 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. ഡക് വര്‍ത്ത് ലൂയീസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറോവറില്‍ 48 റണ്‍സായി ചുരുക്കിയിരുന്നു. ഏഴ് ബോളില്‍ 11 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. നഥാന്‍ കോള്‍ട്ടറിന്റെ പന്തില്‍ രോഹിത് ബൗള്‍ഡാവുകയായിരുന്നു.

ഇന്ത്യ വിജയ റണ്‍സ് നേടിയത് ആറാം ഓവര്‍ വരെ നീണ്ട മത്സരത്തില്‍ മൂന്ന് ബോളുകള്‍ ബാക്കി നില്‍ക്കെയാണ്. ഇന്ത്യയ്ക്കായി തകര്‍ത്തടിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലി 22ഉം ശിഖര്‍ ധവാന്‍ 15ഉം റണ്‍സെടുത്തു. നാലോവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ കളി നിര്‍ത്തുമ്പോള്‍ 18.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലായിരുന്നു.ആദ്യ ഓവറില്‍ തന്നെ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി. രണ്ട് ഫോറുള്‍പ്പെടെ എട്ട് റണ്ണെടുക്കാന്‍ മാത്രമാണ് ഓസീസ് ക്യാപ്ടന് സാധിച്ചത്.

പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് സ്‌കോര്‍ 55ല്‍ എത്തിച്ചു.എന്നാല്‍ 17 റണ്‍സ് നേടി ഗ്ലെന്‍ മാക്‌സ്‌വെല്‍ ബുംറയ്ക്ക് ക്യാച്ച് നല്‍കി കൂടാരം കയറി. 42 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റു വീശിയ ആരോണ്‍ ഫിഞ്ചിനെ ചൈനാമെന്‍ കുല്‍ദീപ് യാദവ് പുറത്താക്കിയതോടെ ഓസീസ് പ്രതിസന്ധിയിലായി. പിന്നാലെയെത്തി മോയിസസ് ഹെന്റിക്വസും കുല്‍ദീപിന് മുന്നില്‍ കുടുങ്ങി.

ട്രാവിസ് ഹെഡ് ഒമ്പത് റണ്‍സ് നേടി പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിംപെയിനും ഡാനിയേല്‍ ക്രിസ്റ്റ്യനും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. എന്നാല്‍ ടിം പെയിനും പിന്നാലെ വന്ന നഥാന്‍ കോള്‍ട്ടറും ബുറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 118ല്‍ നില്‍ക്കെ മഴ കളിമുടക്കുകയായിരുന്നു. തുടര്‍ന്ന് ഡിഎല്‍എസ് പ്രകാരം ഇന്ത്യന്‍ വിജയ ലക്ഷ്യം 48 റണ്‍സായി നിര്‍ണയിച്ചു.

പതിവുപോലെ ഓസ്‌ട്രേലിയന്‍ മധ്യ നിര ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകരുന്ന കാഴ്ചയാണ് റാഞ്ചിയിലും കണ്ടത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ജസ്പ്രീദ് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍,ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.